തൃശ്ശൂര്‍:  അനീമിയ അഥവാ വിളർച്ച എന്ന ആഗോള ആരോഗ്യ പ്രശ്നത്തിനെതിരെ വിപുലമായ പ്രവർത്തന പദ്ധതികൾ ഒരുക്കിയിരിക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്.ആദ്യഘട്ട പ്രചാരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകൾ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ഡോ എം സി റെജി അനാവരണം ചെയ്തു.

സാമൂഹിക സാമ്പത്തിക വ്യത്യാസമില്ലാതെ ഈ ആരോഗ്യ പ്രശ്നം എല്ലാ പ്രായക്കാർക്കും വരുന്നുണ്ടെങ്കിലും ഇതിൻറെ തീവ്രത അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും കൗമാരപ്രായക്കാരും സ്ത്രീകളിലുമാണ് കൂടുതൽ കാണപ്പെടുന്നത്.ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും അനീമിയ ഗുരുതരമാകാറുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഈയിടെ പ്രസിദ്ധീകരിച്ച ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിൽ കേരളത്തിലെ പോഷകാഹാര നിലവാരം സംബന്ധിച്ച കണക്കുകൾ ആശങ്കയുളവാക്കുന്നതാണ്
പരാമർശിക്കപ്പെട്ടിരുന്നു.ഈ അവസ്ഥ ഉൾക്കൊണ്ടാണ് വനിതാ ശിശു വികസന വകുപ്പ് സ്ത്രീകളിലും കുട്ടികളിലും കൗമാരക്കാരിലും ഉള്ള അനീമിയ തോത് കുറയ്ക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം ആരംഭിച്ചത്.

ജില്ലയിലെ അങ്കണവാടികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അനീമിയക്കെതിരായ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്.ഒരു വർഷം മുഴുവൻ നടപ്പാക്കേണ്ട പരിപാടികൾക്ക് വകുപ്പ് രൂപം നൽകിയിട്ടുണ്ട്.