ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് നാളെ (ജനുവരി 14 )നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്കിന് മുന്നോടിയായി തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ ശുദ്ധിക്രിയകള്‍ നടന്നു. ഇന്ന് ഉച്ചപൂജയോടനുബന്ധിച്ച് ബിംബ ശുദ്ധിക്രിയയും നടന്നു.

മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ നാളെ രാവിലെ 8.14ന് നടക്കും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്‌ ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമ പൂജ.

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിവസമായ നാളെ പുലർച്ചെ 3ന് ളാഹയില്‍ നിന്നും പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ദേവസ്വം ബോര്‍ഡധികൃതര്‍ ആചാരപൂര്‍വ്വം തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര സ്വീകരിച്ച് ആനയിക്കുക.

പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം നാളെ വൈകീട്ട് ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തും. തിരുവാഭരണ പേടകം പതിനെട്ടാംപടിയ്ക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ദേവസ്വംബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലേക്ക് ആചാരപൂര്‍വ്വം ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തും. ശേഷം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന. 6.40ന് മകരജ്യോതി ദര്‍ശനം.