കോഴിക്കോട്: ഓഫീസും വീടും ഹരിത സൗഹൃദമാക്കൽ ജീവനക്കാരുടെ ബാധ്യതയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല അഭിപ്രായപ്പെട്ടു. ഹരിതചട്ട പാലനം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ജീവനക്കാർക്കും തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിങ് ജീവനക്കാർക്കുമായി നടത്തിയ ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പൊതുജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ എല്ലാ സർക്കാർ ഓഫീസുകളും ഹരിത സൗഹൃദമാക്കുന്നതിൽ ജീവനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഹരിതചട്ടം കർശനമായി പാലിക്കാൻ ജീവനക്കാർ മുൻകൈയെടുക്കുകയും അവരവരുടെ വീടുകളിൽ ശരിയായ മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം. ഹരിത സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ അടയാളപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് ജീവനക്കാർ നേതൃത്വം നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഹരിത ഓഫീസ് ഗ്രീൻ പ്രോട്ടോകോൾ മാർഗ്ഗരേഖയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ പി.പ്രകാശ് പരിശീലന ക്ലാസ്സെടുത്തു. ഡിവിഷൻ അംഗം മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.അഹമ്മദ് കബീർ സ്വാഗതവും ഹരിത ഓഫീസ് നോഡൽ ഓഫീസർ ടി. അബ്ദുന്നാസർ നന്ദിയും പറഞ്ഞു.