കോവിൽമല ആദിവാസി കോളനിയിലെ എഴുപതു പിന്നിട്ട അഴകൻ ചക്കന് വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും ഇപ്പോൾ ആശുപത്രിയിലായിരിക്കുന്നത് തലവേദന ആയിട്ടാണ്. നാലു ദിവസമായി ചക്കൻ സ്വന്തം സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റായിട്ട്. മരുന്നും ഭക്ഷണവും കൃത്യസമയത്ത് മുന്നിലെത്തും. 1971 ൽ ജീപ്പ് അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട ചക്കന് കഴിഞ്ഞ വർഷം കൃത്രിമകാൽ വച്ചുനല്കിയതും ഈ ആശുപത്രിയും ഗ്രാമപഞ്ചായത്തും തന്നെ. ഇപ്പോൾ സാധാരണരീതിയിൽ നടക്കുവാനും പുരയിടത്തിലെ അത്യാവശ്യ കൃഷിപ്പണി ചെയ്യുവാനും സാധിക്കുന്നു. അതെ, ഇതു ചക്കന്റെ മാത്രമല്ല കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ആയിരകണക്കിനാളുകളുടെ സ്വന്തം ആശുപത്രിയാണ്. പറഞ്ഞുവരുന്നത് കാഞ്ചിയാർ കുടുംബാരോഗ്യകേന്ദ്രത്തെ കുറിച്ചാണ്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രമാക്കിയത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നത്. സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന രീതിയിലുളള സൗകര്യ സജ്ജീകരണവും മികച്ച ചികിത്സയും ലഭ്യമാകുന്നതു കൂടാതെ ഇവിടുത്തെ മാത്രം പ്രത്യേകതയാണ് കിടപ്പുരോഗിയ്ക്കും കൂട്ടിരുപ്പുകാർക്കും മൂന്നുനേരം സൗജന്യ ഭക്ഷണം നല്കുന്നത്. 12 ലക്ഷം രൂപയാണ് ഒരു വർഷത്തേക്ക് ഭക്ഷണ പദ്ധതിയ്ക്കായി ഗ്രാമപഞ്ചായത്ത് മാറ്റി വച്ചിരിക്കുന്നത്. ആദിവാസി വിഭാഗമുൾപ്പെടെ തീരെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുളള നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് ഈ ആശുപത്രി. അതുകൊണ്ടു തന്നെയാണ് കിടപ്പുരോഗികൾക്കും സഹായികൾക്കും സൗജന്യഭക്ഷണം നല്കുകയെന്ന പദ്ധതി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് പറഞ്ഞു. 30 കിടക്കകളുളള ആശുപത്രിയിൽ സർജനും ഇ എൻ ടി യും എമർജനി ഫിസിഷനും അടക്കം അഞ്ച് ഡോക്ടർമാരുടെ സേവനം ലഭിയ്ക്കുന്നു. വൈകിട്ട് ആറുമണി വരെ ഒ പി പ്രവർത്തിക്കുന്നുവെന്നതാണ് മറ്റ് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നിന്നും ഈ ആതുരാലയത്തെ വ്യത്യസ്ഥമാക്കുന്നത്. മുൻപ് 75-120 പേർ ഒ പിയിലെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ദിവസേന അഞ്ഞൂറോളം പേരാണ് ഒ പിയിലെത്തുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുളള ആദിവാസിമേഖലയുൾപ്പെടെയുളള ജനവിഭാഗത്തിന് സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് താങ്ങാനാവാത്തതാണ്. ഇവർക്ക് ഏറെ ആശ്വാസമേകുകയാണ് ഈ സർക്കാർ ആശുപത്രിയും വൈകുന്നേരത്തെ ഒ പിയും.
കേരളാ സ്റ്റാന്റേർഡ് ഓഫ് ഹോസ്പിറ്റൽ മാനദണ്ഢമനുയസരിച്ചുളള എല്ലാ സൗകര്യവും ഇവിടെയുണ്ട്. റിസപ്ഷൻ, പ്രാഥമിക പരിശോധനാ സ്ഥലം, രോഗികൾക്കായി ഇരിപ്പിടങ്ങളും ഫാൻ സജീകരണവും, കുട്ടികൾക്ക് ഇൻജക്ഷനായി പ്രത്യേകമുറി, ഫീഡിംഗ് റൂം, ഫാർമസി, ആധുനിക ലാബോറട്ടറി സംവിധാനം, ജൈവ, പ്ലാസ്റ്റിക്, മെഡിസിനൽ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി വേർതിരിച്ച് സൂക്ഷിയ്ക്കുന്നതിന് പ്രത്യേക സംവിധാനം, ആശുപത്രി കോമ്പൗണ്ട് മനോഹരമാക്കുന്നതിന് പുൽതകിടിയും പൂന്തോട്ടവും, ഔഷധതോട്ടം, പച്ചക്കറി തോട്ടം എന്നിവയെല്ലാം ഈ സ്ഥാപനത്തിന് മോടി കൂട്ടുന്നു. സർക്കാരിന്റെ ഇ-ഹെൽത്ത് സംവിധാനം തൊണ്ണൂറു ശതമാനവും ഇവിടെ പൂർത്തിയാക്കിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ റോയിമോൻ തോമസ് പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പരിപാടികൾ, പാലിയേറ്റീവ് കെയർ, ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പുകൾ തുടങ്ങി പൊതുജനാരോഗ്യരംഗത്ത് മികച്ച പ്രവർത്തനമാണ് ഈ കേന്ദ്രം കാഴ്ചവയ്ക്കുന്നത്. ക്യാമ്പിലൂടെ കണ്ടെത്തി ഉടൻ സർജറി നടത്തേണ്ടിവന്ന നാല് കാൻസർ രോഗികൾക്ക് സൗജന്യഓപ്പറേഷനും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യകേന്ദ്രമായി തിരഞ്ഞെടുത്ത ഈ ആരോഗ്യകേന്ദ്രത്തിന് ആരോഗ്യ വകുപ്പിന്റെ 2017-18 വർഷത്തെ കായകല്പ അവാർഡും ലഭിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 25 ലക്ഷം, ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം, ഗ്രാമപഞ്ചായത്തിൽ നിന്നുളള 40 ലക്ഷം രൂപ എന്നിവയെല്ലാം ഉപയോഗിച്ചാണ് കാർഷികമേഖലയായ കാഞ്ചിയാർ പഞ്ചായത്തിൽ ഇത്തരത്തിലൊരു ആശുപത്രി പടുത്തുയർത്താൻ സാധിച്ചത്. മികച്ച പ്രവർത്തനത്തിലൂടെ ഗ്രാമപഞ്ചായത്തിന്റെ ആതുരസവനമേഖലയിൽ വൻ കുതിപ്പാണ് ഈ ആതുരാലയം കൈവരിച്ചുവരുന്നത് എന്നതിൽ സംശയമില്ല.