കണ്ണൂർ: സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് നിറയെ പ്രഖ്യാപനങ്ങള്‍. കണ്ണൂര്‍ പാച്ചേനി ഗവ. ഹൈസ്‌കൂളിലെ ഏഴാം  ക്ലാസുകാരി ഇനാരാ അലിയുടെ ‘ ഇരുട്ടാണ് ചുറ്റിലും  മഹാമാരി തീര്‍ത്തൊരു കൂരിരുട്ട്, കൊളുത്തണം  നമുക്ക് കരുതലിന്റെ തിരിവെട്ടമെന്ന കവിത ഉദ്ധരിച്ച ധനമന്ത്രി ടി എം തോമസ് ഐസക്ക് അഴീക്കല്‍ നദീമുഖ ഹാര്‍ബറിന്  ബജറ്റില്‍ 3698 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.

അഴീക്കല്‍ഹാര്‍ബറിന് 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മൂന്നു ഘട്ടമായാണ്  തുറമുഖം നിര്‍മിക്കുക. വിശദമായ രൂപരേഖയും ധനസമാഹാരണ പ്ലാനും കമ്പനി തയ്യാറാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 25 കോടി രൂപയാണ്  അനുവദിച്ചത്. കണ്ണൂരിലെ ആയുര്‍വേദാശുപത്രി ഗവേഷണ കേന്ദ്രം 2021-22 ല്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി സഹായത്തോടെയുള്ള 69 കോടി രൂപ ചെലവഴിച്ചാണ് ഗവേഷണ കേന്ദ്രം നിര്‍മ്മിക്കുന്നത്. കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴിയുടെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ 12000 കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.  മലയോര ഹൈവേയുടെ 12 റീച്ചുകള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി  തോമസ് ഐസക്ക്  പറഞ്ഞു.  മാഹിക്കും വളപട്ടണത്തിനും ഇടക്കുള്ള 26 കി. മീ കനാലുകളുടെ പ്രവൃത്തിയും അടുത്ത വര്‍ഷത്തോടെ പൂര്‍ത്തീകരിക്കും.

പശ്ചിമ കനാല്‍ ശൃംഖലയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. പ്രധാന കനാലിനു പുറമെ ആയിരത്തിലധികം കിലോമീറ്റര്‍ ഫീഡര്‍ കനാലുകളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി. കിഫ്ബിയുടെ 1000 കോടി രൂപക്ക് പുറമെ 107 കോടി രൂപ കൂടി കനാലുകളുടെ പ്രവൃത്തിക്കായി വകയിരുത്തും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ രജത ജൂബിലി വര്‍ഷത്തിലെ പ്രത്യേക സ്‌കീമുകള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. കൂടാതെ കണ്ണൂരില്‍ ആരംഭിക്കുന്ന ചരക്കു സേവന നികുതി കോംപ്ലക്‌സിന്റെ നിര്‍മ്മാണവും  ഈ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും.
കൈത്തറി മേഖലയ്ക്ക് 52 കോടി രൂപയും യൂണിഫോം പദ്ധതിക്ക് 105 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തത്. ഖാദി ഗ്രാമീണ വ്യവസായങ്ങള്‍ക്ക് 16 കോടി രൂപ വകയിരുത്തിയതും ജില്ലയ്ക്ക് ഗുണം ചെയ്യും.  ‘സമ്പൂര്‍ണ സാക്ഷരത തന്‍ കൊമ്പത്തിരിക്കിലും തെല്ലും അറപ്പില്ലാതെറിയുന്ന മാലിന്യമെമ്പാടും രാവിന്‍ മറവില്‍’ എന്ന് കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസിലെ എട്ടാംതരം  വിദ്യാര്‍ഥി ഷിനാസ് അഷ്‌റഫിന്റെ കവിതയിലൂടെ ശുചിത്വ മിഷന്റെ പ്രാധാന്യവും മന്ത്രി വിശദീകരിച്ചു.
പി എന്‍ സി/183/2021

കൊടുവള്ളി മേല്‍പാലം സാധ്യമാവുന്നു

തലശ്ശേരി ഇരിക്കൂര്‍ റോഡ് ഗതാഗതകുരുക്കിന്
ശാശ്വത പരിഹാരം

തലശ്ശേരി ഇരിക്കൂര്‍ റോഡില്‍ നിന്നും  എന്‍ എച്ച് 66 ലേക്ക് നീളുന്ന ഗതാഗത കുരുക്കിന് പരിഹാരമാവുന്നു. തലശ്ശേരി നഗരസഭയിലെയും ജില്ലയിലെ കിഴക്കന്‍ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായി മാറുന്ന കൊടുവള്ളി റെയില്‍വെ മേല്‍പ്പാലം സാധ്യമാകുന്നതോടെ ലെവല്‍ ക്രോസ് 230 അടയ്ക്കുമ്പോഴുള്ള ഗതാഗത കുരുക്കാണ് അഴിയുക. 313.60 മീറ്റര്‍ നീളത്തിലും 10.05 മീറ്റര്‍ വീതിയിലുമാണ് മേല്‍പ്പാലം പണിയുന്നതെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. 2017ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അനിശ്ചിതത്വം തീര്‍ന്നതോടെയാണ് മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നത്. ഇരുപത്തിയേഴ് പേരുടെ ഒരേക്കര്‍ പന്ത്രണ്ട് സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്. നാലു വീടുള്‍പ്പെടെയുള്ള സ്ഥലം പൂര്‍ണ്ണമായും ഏറ്റെടുത്തു.

പോസ്റ്റ് ഓഫീസിന്റെ ഭൂമി വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് പദ്ധതി നീളാന്‍ കാരണമായത്. 21.28 കോടി രൂപയ്ക്ക്  എസ് പി എല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.  സ്ഥലമേറ്റെടുപ്പിനടക്കം 26.42 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.  ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുന്ന പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.