തൃശൂര്‍:ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശൂര്‍. തൃശൂര്‍ ജനറൽ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാർ നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. പ്രതിരോധം തീര്‍ത്ത ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ വാക്സിന്‍ വിതരണത്തിനെത്തുമ്പോള്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യ വ്യപാകമായി കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പ്രഖ്യാപനം നടത്തിയശേഷമായിരുന്നു ജില്ലാതല ഉദ്ഘാടനം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റീന ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. 16,938 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വാക്‌സിന്‍ നല്‍കുക. ആകെ 37,640 ഡോസ് വാക്‌സിനാണ് ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. അതില്‍ 90 ഡോസ് മരുന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും
37,550 ഡോസ് വാക്‌സിന്‍ സര്‍ക്കാര്‍/ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുക. രണ്ട് ഡോസ് വീതം വാക്‌സിന്‍ ഓരോരുത്തര്‍ക്കും നല്‍കും. രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം നല്‍കും.
ഗവ.മെഡിക്കല്‍ കോളേജ്, തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, അമല മെഡിക്കല്‍ കോളേജ്, വൈദ്യരത്‌നം ആയുര്‍വേദ കോളേജ്, വേലൂര്‍ കുടുംബാരോഗ്യകേന്ദ്രം, പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂര്‍, താലൂക്ക് ആശുപത്രി ചാലക്കുടി എന്നിങ്ങനെ 9 കേന്ദ്രങ്ങളാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.ഓരോ കേന്ദ്രത്തിലും 5 വാക്‌സിനേഷന്‍ ഓഫീസറും ഒരു വാക്‌സിനേറ്ററും ഉണ്ടായിരിക്കും. വാക്‌സിന്‍ എടുത്ത് കഴിഞ്ഞ് 30 മിനിട്ട് വിശ്രമിച്ചതിന് ശേഷമാണ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് പോകാന്‍ അനുമതിയുള്ളൂ.
വിതരണോദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് സ്വാഗതം പറഞ്ഞു. തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന്‍ എം.പി, ചീഫ് വിപ്പ് കെ. രാജന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു.