“ഒട്ടും വേദനയില്ല, ഒരു പ്രശ്നവും ഉണ്ടായില്ല. ഇത് അഭിമാന മുഹൂർത്തം”. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചത് കയ്പമംഗലം പി എച്ച് സി യിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് അക്ഷയ ആനന്ദ്. വാക്സിൻ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് അക്ഷയ പറയുന്നു.

”ആരോഗ്യപ്രവർത്തകരിൽ ആദ്യത്തെ കുത്തിവെപ്പിന് തന്നെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്. ആദ്യം ഒരു ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഫുൾ ടീമും കൂടെ നിന്നു. അവരുടെ പിന്തുണയോടെ വളരെയധികം സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വാക്സിൻ സ്വീകരിച്ചത്. വളരെ സുഖകരമായ അനുഭവമാണ്. ഒട്ടും വേദനയില്ല എന്നത് തന്നെ ആശ്വാസകരമാണ്. എല്ലാവരും വാക്സിൻ സ്വീകരിച്ച്‌ കോവിഡ് മഹാമാരിയിൽ നിന്ന് പൂർണ്ണമായും രക്ഷനേടാൻ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്’.

ഇതേ അഭിപ്രായം തന്നെയാണ് കയ്പമംഗലം പി എച്ച് സി യിലെ തന്നെ മെഡിക്കൽ ഓഫീസറായ അനു ബേബിക്കും. കോവിഡ് മഹാമാരിക്കെതിരായുള്ള ആദ്യ സ്റ്റെപ്പ് എന്ന നിലയിൽ കൊവിഡ് വാക്സിനേഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അനു ബേബി. ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീടതിൽ കാര്യമൊന്നുമില്ലെന്ന് മനസ്സിലായി.

ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള ഇൻവിജിലേറ്റർമാർ ധൈര്യം പകർന്ന് കൂടെയുണ്ടായിരുന്നു. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ സാനു പരമേശ്വരനും സ്റ്റാഫ് അംഗങ്ങളും മുഴുവൻ പിന്തുണയും നൽകി. വേദന ഇല്ലാത്ത ഇഞ്ചക്ഷൻ ആയതിനാൽ, വാക്സിൻ എടുക്കുന്നതിൽ ആർക്കും ആശങ്ക വേണ്ട. എല്ലാവരും വാക്സിൻ എടുക്കണമെന്നാണ് തനിക്ക് പറയാണുള്ളതെന്നും അനു ബേബി പറയുന്നു.