കൊച്ചി: ചെറിയ തേയക്കാനത്തുകാര്‍ക്കിനി വിശ്രമമില്ല. ഗ്രാമത്തിന്റെ നടുവിലെ 65 സെന്റ് ചതുപ്പു നിറഞ്ഞ പുറമ്പോക്കു ഭൂമി ശുദ്ധജലം നിറഞ്ഞ കുളമായി മാറ്റിയെടുക്കുന്നതു വരെ ഇവര്‍ പണിയെടുക്കും. അതിനായ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നാട്ടുകാര്‍ ഒന്നടങ്കം കഠിന യത്‌നത്തിലാണ്. ദിവസവും പുല്ലു പറിച്ചും ചേറു കോരിയും അവര്‍ പണി തുടങ്ങി കഴിഞ്ഞു. ജില്ലാ ഭരണകത്തിന്റെ 123 പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയാണ് കുന്നുകര പഞ്ചായത്തിലെ ചെറിയ തേയ്ക്കാനത്ത് തുടങ്ങിയത്.
നാടിന്റെ പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളും ചിറകളും വൃത്തിയാക്കാന്‍ ആവിഷ്‌കരിച്ച നൂറു കുളം നവീകരണ പദ്ധതി ലക്ഷ്യത്തോടുക്കുമ്പോള്‍ പുതിയ 123 കുളങ്ങള്‍ നിര്‍മ്മിക്കാനാണ് ജലസമൃദ്ധി പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുന്നുകര പഞ്ചായത്തിലെ ചെറിയ തേയ്ക്കാനത്ത് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കാലവര്‍ഷത്തിന് മുമ്പു തന്നെ കുളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു. മഴവെള്ളം നിറഞ്ഞ് സംഭരണികളായി മാറുന്ന കുളങ്ങള്‍ പ്രദേശത്തെ ജലവിതാനം ഉയര്‍ത്തും. കൂടാതെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്‍ഷികമേഖലയുടെ വികസനത്തിലൂടെ കുടുംബങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും ജലസമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 201819 സാമ്പത്തികവര്‍ഷം ജില്ലയില്‍ 12 ബ്ലോക്കകളിലെ 65 ഗ്രാമപഞ്ചായത്തുകളിലായി 334 കുളങ്ങള്‍ പുതുതായി നിര്‍മിക്കും. ഇതില്‍ 123 കുളങ്ങളാണ് മെയ് 31നകം പൂര്‍ത്തീകരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വളരെക്കുറച്ച് തൊഴില്‍ദിനങ്ങള്‍ മാത്രം ലഭിക്കുന്നതില്‍ നിന്നും വിഭിന്നമായി കൂടുതല്‍ തൊഴില്‍ നല്‍കാനും പദ്ധതി സഹായകമാകും. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 200 തൊഴില്‍ദിനങ്ങള്‍ നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശവും ഈ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാകും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 60 ശതമാനം തുക വേതനത്തിനും 40 ശതമാനം തുക സാധനസാമഗ്രികള്‍ക്കും വിനിയോഗിക്കാന്‍ കഴിയും. കയര്‍ഭൂവസ്ത്രം വിരിച്ച് കുളങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ വിഹിതം 40 ശതമാനം തുകയില്‍ നിന്നും കണ്ടെത്തുമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ. ജി. തിലകന്‍ അറിയിച്ചു.
ചെറിയ തേയ്ക്കാനത്ത് 1200 ചതുരശ്ര അടിയിലുള്ള കുളം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ പ്രദേശ വാസികള്‍ ചെറിയ കൃഷികള്‍ ചെയ്തിരുന്ന നിലമായിരുന്നു ഇവിടം. കുടിവെള്ള സ്രോതസിനായി കുളം നിര്‍മിക്കാന്‍ എല്ലാവര്‍ക്കും സമ്മതം. കളക്ടറെത്തി ഉദ്ഘാടനം കഴിഞ്ഞതോടെ നാട്ടുകാര്‍ പണി തുടങ്ങി കഴിഞ്ഞു. മെയ് 31 നകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷനായി.വാര്‍ഡ് അംഗങ്ങളായ ഷീബ കുട്ടപ്പന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ കെ.ജി തിലകന്‍, മാഗി, എന്നിവര്‍ പങ്കെടുത്തു.