ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഔപചാരിക ഉദ്ഘാടനത്തിന് ശേഷം 11 മണിയോടെ വാക്സിനേഷന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നൂറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിനേഷന്‍ നല്‍കുന്നത്.

എലിഞ്ഞിപ്ര പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ 20 ആരോഗ്യ പ്രവര്‍ത്തകരാണ് ആദ്യം വാക്സിനേഷന്‍ സ്വീകരിച്ചത്. തുടര്‍ന്ന് പരിയാരം, മേലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേയും സെന്‍റ് ജെയിംസ് ആശുപത്രി, ചാലക്കുടി താലുക്കാശുപത്രി എന്നീ സ്ഥാപനങ്ങളിലേയും 20 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിക്കും. ജൂനിയർ പബ്ലിക് ഹെഡ് നേഴ്സ് സി സി ബിന്ദു വാക്സിനേറ്ററായി.

ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ കാവ്യ കരുണാകരന്‍, ജില്ലാ വാക്സിന്‍ സൂപ്പര്‍വൈസര്‍ റെജി ജിയോ തോമസ്, ആശുപത്രി സൂപ്രണ്ട് എന്‍ എ ഷീജ തുടങ്ങിയവര്‍ വാക്സിനേഷൻ വിതരണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന, ഡി എസ് ഒ ബീന മൊയ്തു എന്നിവർ താലൂക്ക് ആശുപത്രിയിലെത്തി വാക്സിനേഷൻ നടപടിക്രമങ്ങൾ വിലയിരുത്തി.