സംസ്ഥാനത്ത് ഒരു വർഷം 500 പേർക്കെങ്കിലും പോസ്റ്റ് ഡോക്ടറൽ പഠനത്തിന് പ്രത്യേകമായി സൗകര്യമൊരുക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയർത്തുന്നതിന് സ്‌കൂളുകളുടെ അടിസ്ഥാന വികസനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ വരികയാണ്. ശാസ്ത്രരംഗത്തും മറ്റും ഗവേഷണങ്ങൾക്ക് ശേഷം പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പിന് വേണ്ടി പഠനം നടത്താൻ പലപ്പോഴും സംസ്ഥാനം വിട്ടോ രാജ്യം വിട്ടു പോകേണ്ടി വരുന്ന അവസ്ഥയൂണ്ട്. ഇതിന് മാറ്റം വരുത്താൻ മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിമാസം ഒരു ലക്ഷം രൂപ ഫെലോഷിപ്പ് നൽകുന്ന പദ്ധതികൾ പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പുതിയ തലമുറയെ വളർത്താൻ വേണ്ടിയുള്ള ശ്രമത്തിൽ എല്ലാവരുടെയും പിന്തുണയും സഹായവും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു
കെ കുഞ്ഞിരാമൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നാല് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഒരു വർഷമാണ് നിർമ്മാണ കാലാവധി.
ചടങ്ങിൽ കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം വി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഫാത്തിമത്ത് ഷംന, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദാമോദരൻ, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി കെ സബിത, എ വി കുഞ്ഞമ്പു, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ പി ദിലീപ്കുമാർ, ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജൻ, അമ്പലത്തറ ജിവിഎച്ച്എസ്എസ് പി ടി എ പ്രസിഡന്റ് എൻ പവിത്രൻ, അമ്പലത്തറ ജിവിഎച്ച്എസ്എസ് വികസന സമിതി ചെയർമാൻ വി കൃഷ്ണൻ കാനം, സീനിയർ അസിസ്റ്റന്റ് എം സതി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ വേണുഗോപാലൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് പി ഗോപിക നന്ദിയും പറഞ്ഞു.