കാസർഗോഡ്: കൂട്ടക്കനി യു.പി സ്‌കൂളിന് ഇത് സ്വപ്ന സാക്ഷാത്കാരം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് ലഭിച്ച പുതിയ അസംബ്ലി ഹാളും ഇരു നില കെട്ടിടവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യക്കുറവ് നേരിടുന്ന പൊതു വിദ്യാലയങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വരും തലമുറയെ മുന്നില്‍ കണ്ട് അവരെ ഉത്തരവാദിത്തത്തോടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാന്‍ പോന്ന സമഗ്ര പരിപാടികളാണ് പൊതു വിദ്യാഭ്യാസ സംരക്ഷണത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അഞ്ച് വര്‍ഷക്കാലത്തെ ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 6,80000 വിദ്യാര്‍ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് തിരികെയെത്തിയതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളോടുള്ള രക്ഷിതാക്കളുടേയും നാട്ടുകാരുടേയും കാഴ്ചപ്പാടുകള്‍ക്ക് കാര്യമായ മാറ്റം സംഭവിച്ചു. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മുതല്‍ക്കൂട്ടായെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റിലും വിദ്യാഭ്യാസ രംഗത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റികളിലെ പഠനം അടക്കം ഈ മേഖലയില്‍ സമഗ്ര വികസനവും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ രീതിയുമാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017-18 വര്‍ഷം അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടവും അസംബ്ലി ഹാളുമാണ് കൂട്ടക്കനി സ്‌കൂളില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ വിദ്യാഭ്യാസം അടിസ്ഥാന സൗകര്യം എന്ന തലക്കെട്ടില്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം പണികഴിപ്പിച്ചത്. പുതിയതായി വിപുലീകരിച്ച നാല് ക്ലാസ് മുറികള്‍, സ്റ്റെയര്‍കേസ് റൂം, അസംബ്ലി ഹാള്‍, സ്റ്റേജ് എന്നിവയാണ് സ്‌കൂളിന് പുതിയതായി ലഭിച്ച സൗകര്യങ്ങള്‍. അടിസ്ഥാന സൗകര്യക്കുറവ് നേരിട്ടിരുന്ന അക്ഷരാര്‍ത്ഥത്തില്‍ സ്‌കൂളിന് ശാപമോക്ഷമായി പുതിയ കെട്ടിടങ്ങള്‍.

ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കാസര്‍കോട് ബില്‍ഡിങ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ മുഹമ്മദ് മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന, ഗ്രാമപഞ്ചായത്ത് അംഗം വി. സൂരജ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, ബേക്കല്‍ എ.ഇ.ഒ കെ. ശ്രീധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പി.ടി.എ പ്രസിഡന്റ് പി.സി പ്രഭാകരന്‍, എസ്.എം.സി ചെയര്‍മാന്‍ പ്രദീപ് കാട്ടാമ്പള്ളി, മദര്‍ പി.ടി.എ പ്രസിഡന്റ് കെ. രേഷ്മ, പി.ടി.എ വൈസ് പ്രസിഡന്റ് സുധാകരന്‍, സീനിയര്‍ അസിസ്റ്റന്റ് ടി. ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.വി പ്രകാശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് കൂട്ടക്കനി നന്ദിയും പറഞ്ഞു.