തിരുവനന്തപുരം:   സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതു ഭക്ഷ്യ- പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണെന്നു ഭക്ഷ്യ വകുപ്പു മന്ത്രി പി. തിലോത്തമന്‍. അഞ്ചുതെങ്ങില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ പൊതുവിതരണ വകുപ്പ് നേരിട്ടു സംഭരിച്ചാണു വില്‍പ്പന നടത്തിവരുന്നത്. കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി സപ്ലൈകോ കൊണ്ടുവരുന്ന നവീന ആശയങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പുതിയ 37 മാവേലി സ്്‌റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്. മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ചിറയിന്‍കീഴ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷാ തുടങ്ങിയവര്‍ സംബന്ധിച്ചു