എറണാകുളം: ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസം ഏഴ് കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നു. 636 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ക്രമീകരണങ്ങളാണ് രണ്ടാം ദിവസം ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാവിലെ ഒന്‍പതിന് ക്യാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ആദ്യ കുത്തിവെപ്പ് സ്വീകരിച്ചു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലഭിച്ചിരിക്കുന്ന മൂര്‍ച്ചയേറിയ ആയുധമാണ് കുത്തിവെപ്പെന്നും വേദനയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടാത്ത കുത്തിവെപ്പിനോട് ആരും മുഖംതിരിക്കരുതെന്നും അദ്ദേഹം രോഗപ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചശേഷം പ്രതികരിച്ചു.

രണ്ടാം ദിനം ഉച്ചവരെ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 274 പേര്‍ രോഗപ്രതിരോധ കുത്തിവെപ്പെടുത്തു.
രണ്ടാം ദിവസം നിശ്ചയിച്ച ഏഴ് കേന്ദ്രങ്ങള്‍ക്ക് പുറമേ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും കഴിഞ്ഞ ദിവസത്തിന്‍റെ തുടര്‍ച്ചയായി 25 പേര്‍ക്കുള്ള വാക്സിനേഷന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിക്ക് പുറമേ ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം, കളമശ്ശേരി മെഡിക്കല്‍ കോളേജ്, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കോലഞ്ചേരി മെഡിക്കല്‍ കോളേജ്, കടവന്ത്ര നഗരാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു വാക്സിനേഷന്‍ നടന്നത്.