കേരള ഫോക്‌ലോർ അക്കാദമി 2019 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡിന് പരിഗണിക്കുന്നത്. പേര്, വിലാസം, ജനനതിയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷ ഒപ്പിട്ട് എഴുതിയോ ടൈപ്പ് ചെയ്‌തോ നൽകണം. അപേക്ഷയോടൊപ്പം കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/ മുൻസിപ്പൽ/ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റും ചേർക്കണം. പ്രാഗത്ഭ്യം തെളിയിക്കുന്നതിന് മറ്റു ജനപ്രതിനിധികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ കലാസംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ മേൽപറഞ്ഞ വിവരങ്ങളെല്ലാം ചേർത്തിരിക്കണം. അതോടൊപ്പം കലാകാരന്റെ സമ്മതപത്രവുമുണ്ടാകണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷയോടൊപ്പം ഉണ്ടാകണം. രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആധാർകാർഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും വേണം.
നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും മുൻ വർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരും മുപ്പത് വർഷത്തെ കലാപ്രാവിണ്യമുള്ളവരുമായ നാടൻ കലാകാരൻമാർക്ക് ഫെല്ലോഷിപ്പിന് അപേക്ഷ നൽകാം.
അവാർഡിന് നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച ഇരുപത് വർഷത്തെ കലാപ്രാവിണ്യമുള്ള നാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം.
ഗുരുപൂജ പുരസ്‌കാരത്തിന് അറുപത്തിയഞ്ച് വയസ്സ് പൂർത്തിയായ നാടൻ കലാകാരൻമാരെയാണ് പരിഗണിക്കുക. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരൻമാർക്ക് യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ നൽകാം. പ്രായപരിധി പതിനെട്ട് വയസ്സിനും നാൽപ്പത് വയസ്സിനും മധ്യേ.
നാടൻ കലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലർത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ നൽകുന്നു. 2018, 2019, 2020 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക. ഗ്രന്ഥകാരൻമാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ പരിഗണനക്ക് നൽകാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും നൽകണം.
നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത 2018 മുതൽ 2020 ഡിസംബർ വരെയുള്ള കാലയളവിലുള്ള ഡോക്യുമെന്ററികൾക്ക് പ്രത്യേക പുരസ്‌കാരത്തിന് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മുന്ന് സി.ഡികൾ അപേക്ഷയോടൊപ്പം ഉണ്ടാവണം. നിർദ്ദിഷ്ട കാലയളവിൽ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം നൽകണം.
അപേക്ഷകൾ ഫെബ്രുവരി 10നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി.ഒ.ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0497-2778090.