മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം ക്ലാസിന് ചേരാന്‍ 2021 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. ഏഴാം ക്ലാസ് വിജയിക്കണം. 2016 മാര്‍ച്ച് വരെ എസ്.എസ്.എല്‍.സി പരാജയപ്പെട്ടവര്‍ക്കും  എട്ടിനും 10 നും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും ചേരാം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണ്. കോഴ്‌സ് ഫീസ്  1750.   ഹയര്‍ സെക്കന്‍ഡറിക്ക് ചേരാന്‍ പത്താം ക്ലാസ് ജയിക്കണം. ജനുവരി ഒന്നിന് 22 വയസ് പൂര്‍ത്തിയാകണം. 10 തുല്യത ജയിച്ചവര്‍ക്ക് വയസ് ഇളവുണ്ട്. ഉയര്‍ന്ന പ്രായ പരിധി ഇല്ല.  ഫീസ്  – രജിസ്‌ട്രേഷന്‍ 100, അഡ്മിഷന്‍ – 200, കോഴ്‌സ് – 2200.
എസ്.സി, എസ്.ടി ഭിന്നശേഷി വിഭാഗക്കാര്‍ക്ക്  രേഖയുടെ അടിസ്ഥാനത്തില്‍  രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യമില്ല. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികളില്‍ ഉള്‍കൊള്ളിച്ചവര്‍ക്ക് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള അണ്ടര്‍ ടേക്കിങ് മതി. കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ മിഷന്‍ വിദ്യാ കേന്ദ്രങ്ങളിലും മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0483 2734670.