പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മാത്രം ലഭ്യമായത് പതിറ്റാണ്ടുകളായി നേടിയെടുക്കേണ്ട വികസന പ്രവര്‍ത്തനങ്ങളാണ്. ജില്ലയുടെ മുഖഛായതന്നെ മാറ്റിയ വികസനം ആരോഗ്യ മേഖലയില്‍ സാധ്യമാക്കി. പുതിയ കെട്ടിടങ്ങള്‍, പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകള്‍, പുതിയ ഉപകരണങ്ങള്‍, പുതുതായി ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി വികസനങ്ങളാണ് ഇക്കാലയളവില്‍ ജനറല്‍ ആശുപത്രിക്കു മാത്രമായി ലഭ്യമായത്.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒ.പി ട്രാന്‍സ്ഫര്‍മേഷന്‍ ആര്‍ട്ടിഫിഷ്യല്‍ ലിംഫ് സെന്റര്‍, ന്യൂറോ ഫിസിയോളജി ലാബ്, ആധുനീകരിച്ച ഒ.പി കൗണ്ടര്‍, പ്രൈമറി വെയിറ്റിംഗ് ഏരിയ, സെക്കന്‍ഡറി വെയിറ്റിംഗ് ഏരിയ, കാഷ്വാലിറ്റിയുടെയും ട്രയാജ് ഒ.പിയുടെയും മുന്‍വശം റൂഫിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 87 ലക്ഷം രൂപയാണ്. കാര്‍ഡിയോളജി വിഭാഗത്തിനായി എട്ട് കോടി രൂപാ ചെലവില്‍ 2019 ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കാത്ത് ലാബ് ഇതിനോടകംതന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപയ്ക്ക് ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള ലേബര്‍ റൂം നവീകരണം, എട്ട് ലക്ഷം രൂപയുടെ വാര്‍ഡുകളിലെ കൊതുകുവല സജീകരിക്കല്‍, 25,88,224 രൂപയുടെ കോവിഡ് വാര്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍, 22 ലക്ഷം രൂപയുടെ കോവിഡ് ഐ.സി.യു നിര്‍മാണം, 477810 രൂപയുടെ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം തുടങ്ങിയവ സാധ്യമാക്കി.
\ സിസിയു നിര്‍മാണവും പൂര്‍ത്തീകരിച്ചു. സെക്കന്‍ഡ് ഡെന്റല്‍ യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞു. 11 ലക്ഷം രൂപയ്ക്ക് മോര്‍ച്ചറി ഫ്രീസര്‍ നവീകരിച്ചു. എ, ബി ബ്ലോക്കുകള്‍ റൂഫ് ചെയ്തു. 12 ലക്ഷം രൂപയ്ക്ക് ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നതിനുള്ള ഷെഡ് നിര്‍മിച്ചു. രണ്ടു ലക്ഷം രൂപയ്ക്ക് സ്റ്റോറിലെ തറയില്‍ ടൈല്‍ പാകി റൂഫും സജീകരിച്ചു.
പുതുതായി 17 തസ്തികള്‍ സൃഷ്ടിച്ചു
ജനറല്‍ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകളും നിരവധിയാണ്. രണ്ട് മെഡിക്കല്‍ ഓഫീസര്‍, കണ്‍സള്‍ട്ടന്റ് ന്യൂറോ, കണ്‍സള്‍ട്ടന്റ് ഫിസിക്കല്‍ മെഡിസിന്‍, പീഡിയാട്രിക് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഗൈനക് സീനിയര്‍ കണ്‍സള്‍ട്ടന്റ്, സൈകാട്രിക് ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അനസ്തേഷ്യ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, പി.എസ്.കെ, മോര്‍ച്ചറി അറ്റന്റര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, എക്സ്റേ അറ്റന്റര്‍, മോര്‍ച്ചറി ടെക്നീഷന്‍, ഹോസ്പിറ്റന്‍ അറ്റന്റര്‍ ഗ്രേഡ് 1, മെഡിക്കല്‍ റെക്കോര്‍ഡ് അറ്റന്റര്‍ എന്നിങ്ങനെ 17 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.
സി.ആം, ഇഇജി മെഷീന്‍, യൂറിന്‍ അനലൈസര്‍, സെന്‍ട്രിഫ്യൂജ്, ഇന്‍ക്യുബേറ്റര്‍ എന്നീ ഉപകരണങ്ങളും ആശുപത്രിക്ക് ലഭ്യമായി. ഒപ്പം കാര്‍ഡിയോളജി വിഭാഗം, ആധുനിക സ്ട്രോക്ക് ചികിത്സാ കേന്ദ്രം, സിസിയു, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം, കാരുണ്യ ഫാര്‍മസി, ന്യൂറോ ഫിസിയോളജി ലാബ്, ആധുനിക ഒ.പി കൗണ്ടര്‍, പ്രൈമറി വെയിറ്റിംഗ് ഏരിയ, സെക്കന്ററി വെയ്റ്റിംഗ് ഏരിയ, ആധുനിക ലാബ് സൗകര്യം, ആധുനിക റേഡിയോളജി വിഭാഗം എന്നീ പുതുതായി ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങളും ജനറല്‍ ആശുപത്രിയെ മറ്റുള്ളവയില്‍ നിന്നും വേറിട്ടതാക്കുന്നു.