ഇടുക്കി: ഗ്രാമീണ വികസനം സംബന്ധിച്ച പാര്‍ലമെന്റ് സമിതിയുടെ സന്ദര്‍ശനം മൂന്നാറിന് വ്യത്യസ്ത അനുഭവമായി. ഗ്രാമീണ മേഖലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും ഫണ്ടിന്റെയും നടത്തിപ്പും വിനിയോഗവും അവലോകനം ചെയ്യുന്നതിനാണ് പ്രതാപ് റാവു ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിയിലെ 31 അംഗ എം പിമാരില്‍ 17 പേര്‍ മൂന്നാറിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നെടുമ്പാശേരിയില്‍ നിന്ന് മൂന്നാറിലെത്തിയ സംഘത്തിന് അടിമാലിയില്‍ സ്വീകരണം നല്‍കി.

ഇന്ന് (20) രാവിലെ മൂന്നാര്‍ ടൗണിലെ ഇക്കാ നഗറിലെ അംഗന്‍വാടിയിലാണ് സമിതി അംഗങ്ങള്‍ ആദ്യ സന്ദര്‍ശനം നടത്തിയത്. അംഗന്‍വാടിയുടെ പ്രവര്‍ത്തനവും കുട്ടികള്‍ക്കുള്ള ഭക്ഷണ വിതരണത്തെക്കുറിച്ചും അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ നിലവാരവും പരിശോധിച്ചു.

തുടര്‍ന്ന് മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെത്തിയ അംഗങ്ങളെ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ പ്രസിഡന്റ് കനിമൊഴിയുടെയും സംസ്ഥാന പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ പി.കെ ജയശ്രീയുടെയും നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ അജിത് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

പഞ്ചായത്ത് ഹാളില്‍ സമിതി ചെയര്‍മാന്‍ പ്രതാപ് റാവു ജാദവ് എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, പഞ്ചായത്തിന്റെ വിവിധ സംരംഭകത്വങ്ങള്‍ എന്നിവയെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച അംഗങ്ങള്‍ അഭിനന്ദനവും അറിയിച്ചു.

കുടുംബശ്രീ ചീഫ് എക്‌സിക്യൂട്ടീവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുമായ എസ്. ഹരി കിഷോര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ പി.കെ ജയശ്രീ, അഡീഷണല്‍ ഡയറക്ടര്‍ അജിത്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ജി അജേഷ്, തൊഴിലുറപ്പ് പദ്ധതി ജില്ലാ അസി. കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സി തോമസ്, മറ്റ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മുന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് കുമാറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി.

ഗ്രാമപഞ്ചായത്ത് സന്ദര്‍ശനത്തിനു ശേഷം ടീ കൗണ്ടിയില്‍ ഗ്രാമീണ വികസനം സംബന്ധിച്ച അവലോകന യോഗം ചേര്‍ന്നു. കാനറ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എല്‍.വി. പ്രഭാകര്‍ ആമുഖ പ്രഭാഷണം നടത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഗ്രാമീണ മേഖലയില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിശദീകരിച്ചു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളില്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

🔷മാതൃകയായി കുടുംബശ്രീ🔷

സംസ്ഥാനത്ത് സ്ത്രീ ശാക്തീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചു വരുന്ന കുടുംബശ്രീ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. കുടുംബശ്രീ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് എസ്. ഹരി കിഷോര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കുടുംബശ്രീയുടെ വിവിധ സംരംഭങ്ങള്‍ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ തുറകളിലേക്ക് കടന്നു വരാന്‍ സ്ത്രീകള്‍ക്കു വലിയ പ്രേരണയാണ് കുടുംബശ്രീ നല്‍കിക്കൊണ്ടിരിക്കുന്നത്. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കല്യാണ്‍ യോജനയുടെ കീഴില്‍ കുടുംബശ്രീ വിദ്യാര്‍ഥികള്‍ക്കു നൈപുണ്യ പരിശീലനവും നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പത്ത് വിദ്യാര്‍ഥികള്‍ യോഗത്തില്‍ സാന്നിധ്യം പകര്‍ന്നു. സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഇത്തരത്തില്‍ നൈപുണ്യ പരിശീലനം നല്‍കി വരുന്നുണ്ട്.

#idukkidistrict