ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്നോണം നിര്‍ദ്ദേശിക്കപ്പെട്ട കണ്ടിയൂര്‍ ബൈപാസ് പദ്ധതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. മാവേലിക്കര നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ഈ സ്വപ്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച കണ്ടിയൂര്‍ ബൈപാസ് ഫെബ്രുവരി പകുതിയോടെ നാടിനു സമര്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2006 ലാണ് ബൈപാസിനായി ശിലാസ്ഥാപനം നടത്തിയത്. എന്നാല്‍ തുടര്‍ നടപടികള്‍ മുടങ്ങിയ പദ്ധതിക്കായി 2012 ലാണ് വീണ്ടും ശ്രമം ആരംഭിക്കുന്നത്. പിന്നീട് ടെന്‍ഡര്‍ തുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം കരാറുകരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് 3.75 കോടി രൂപക്ക് പുതുക്കിയ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചതോടെ വീണ്ടും ടെണ്ടര്‍ നല്‍കി. നിര്‍മ്മാണം ആരംഭിച്ച ശേഷം ഗ്രാവലിന്റെ ലഭ്യതക്കുറവും വെള്ളപ്പൊക്കം മൂലം ബൈപാസ് കടന്നുപോകുന്ന മണക്കാട് പുഞ്ചയിലെ ജലനിരപ്പ് ഉയര്‍ന്നതും മൂലം പലതവണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഈ പ്രതിബന്ധങ്ങളെ എല്ലാം അതിജീവിച്ചുകൊണ്ടാണ് പതിറ്റാണ്ടുകളായുള്ള കണ്ടിയൂര്‍ ബൈപാസ് എന്ന മാവേലിക്കര നഗര പ്രദേശത്തിന്റെ സ്വപ്നം യഥാര്‍ഥ്യമാകുന്നതെന്നു ആര്‍. രാജേഷ് എം. എല്‍. എ പറഞ്ഞു.
മാവേലിക്കര മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറുവശം മണക്കാട ് പുഞ്ചയിലൂടെ കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ത്തറക്ക് സമീപം എത്തിച്ചേരുന്നതാണ് നിര്‍ദ്ദിഷ്ട കണ്ടിയൂര്‍ ബൈപാസ്. എട്ടു മീറ്റര്‍ വീതിയുള്ള റോഡില്‍ അഞ്ചര മീറ്ററാണ് ടാറിങ് വീതി. നിലവില്‍ ടി. എ കനാലിനു കുറുകെയുള്ള കലുങ്കിന്റെതടക്കം 90 ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും ഫെബ്രുവരി രണ്ടാം വരത്തോടെ കണ്ടിയൂര്‍ ബൈപാസ് നാടിനു സമര്‍പ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്‍. രാജേഷ് എം. എല്‍. എ പറഞ്ഞു.