തലസ്ഥാന നഗരിയുടെ വികസനത്തിന് ഊർജ്ജം പകർന്നു കൊണ്ട്  പേട്ട-ആനയറ-ഒരുവാതിൽകോട്ട റോഡിന്റെ വികസനത്തിനായുള്ള തുക കിഫ്ബി കൈമാറി. 2016-17 ബജറ്റിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട – ആനയറ – ഒരുവാതിൽകോട്ട റോഡ് വികസനം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം നീണ്ട റോഡ് വികസനം പ്രശ്നങ്ങൾ പരിഹരിച്ചു എത്രയും വേഗം പൂർത്തീകരിക്കാൻ സാധിക്കും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതിനായി സ്ഥലമേറ്റെടുക്കലിന് 100.68 കോടി രൂപ കിഫ്ബി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, തോമസ് ഐസക്ക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
18 മീറ്റർ വീതിയിലാണ് പേട്ട -ഒരുവാതിൽകോട്ട റോഡ് ആദ്യം വിഭാവനം ചെയ്തിരുന്നതെങ്കിലും പ്രദേശവാസികളുടെ അഭ്യർത്ഥന പ്രകാരവും അമൃത് പദ്ധതിയുടെ സ്വീവറേജ് ലൈനുകൾ കൂടി കണക്കിലെടുത്ത് പേട്ട റെയിൽ ഓവർ ബ്രിഡ്ജ് മുതൽ വെൺപാലവട്ടം വരെ 14 മീറ്റർ വീതിയിലും വെൺപാലവട്ടം മുതൽ ദേശീയപാതാ ബൈപ്പാസ് സർവ്വീസ് റോഡ് വരെ 12 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മാണം പുനർവിഭാവനം ചെയ്തിരിക്കുന്നത്.
രണ്ട് സ്‌ട്രെച്ചുകളിലുമായി 3.810 കി.മീറ്ററാണ് റോഡിന്റെ ആകെ നീളം. റോഡ് വീതി കൂട്ടലിന് പുറമേ കലുങ്ക് നിർമ്മാണം, കോൺക്രീറ്റ് ഡ്രയിനുകൾ, ട്രാഫിക്ക് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 13 ബസ് ഷെൽട്ടറുകളും പദ്ധതിയിലൂടെ നിർമിക്കും. പദ്ധതി പ്രദേശത്ത് നിലവിലുള്ള കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവയുടെ സർവ്വീസ് കണക്ഷനുകൾ മാറ്റി സ്ഥാപിക്കാൻ 5.93 കോടി രൂപയും പുതുതായുള്ള സ്വിവറേജ് ലൈനുകളുടെ ക്രമീകരണത്തിനായി 6.9  കോടി രൂപയും ഉപപദ്ധതികളായി റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ അടങ്കൽ തുക 133.60 കോടിയാണ്. ഇതിൽ കടകംപള്ളി വില്ലേജിലെ 1.88 ഹെക്ടർ ഭൂമി ഏറ്റെടുക്കലിനും ബന്ധപ്പെട്ട പുനരധിവാസത്തിനുമായി വകയിരുത്തിയ തുകയാണ് കിഫ്ബി കൈമാറിയത്.