പാലക്കാട് ജില്ലയില് മികച്ച രീതിയില് പ്രവര്ത്തിക്കാന് കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന് ജില്ലാ കലക്ടര് ഡി. ബാലമുരളി പറഞ്ഞു. ഏറ്റവും കൂടുതല് കാലം ജനങ്ങളുമായി അടുത്ത് ഇടപഴകാന് കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മികച്ച അനുഭവമായിരുന്നു. 2018ലെയും 2019ലെയും പ്രളയ കാലഘട്ടങ്ങള്, കോവിഡ് മഹാമാരി, ലോക്സഭ, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുകള് എന്നീ കാലഘട്ടങ്ങളില് പ്രവര്ത്തിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വിവിധ പദ്ധതികള്ക്കായുള്ള സ്ഥലമേറ്റെടുപ്പിനും , സിറ്റി ഗ്യാസ് പൂര്ത്തീകരണത്തിന് നേതൃത്വം കൊടുക്കാന് കഴിഞ്ഞതും സംതൃപ്തിയോടെ നോക്കി കാണുന്നു. കൊച്ചി- സേലം പൈപ്പ്‌ലൈന് ആറു മാസത്തിനിടയില് പൂര്ത്തിയാക്കാന് കഴിഞ്ഞു.
ജില്ലയില് മികച്ചരീതിയില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് കഴിഞ്ഞത് ആരോഗ്യപ്രവര്ത്തകരുടെ സഹകരണത്തോടെയാണ്. കൂട്ടായ്മയോടെ പ്രവര്ത്തിച്ച, സഹകരിച്ച മുഴുവന് ഉദ്യോഗസ്ഥര്ക്കും ജീവനക്കാര്ക്കും മുന് ജില്ലാ കലക്ടര് നന്ദി പറഞ്ഞു. പൈപ്പ് ലൈന് വഴി വീടുകളില് പാചകവാതകം എത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതി പ്രവര്ത്തനങ്ങള്, തുകലൂര്-മാടക്കത്തറ പവര് ഗ്രിഡിനുള്ള നടപടികള് ,നെല്ലിയാമ്പതി മേഖലയിലെ 125 പട്ടികവര്ഗ കുടുംബങ്ങളുടെ ദീര്ഘകാല ആവശ്യമായിരുന്ന വനഭൂമിയുടെ കൈമാറ്റം, ഉദയംപേരൂര്, പാലക്കാട്, കോയമ്പത്തൂര്, ഈറോഡ് വഴി സേലത്തേക്ക് എത്തിക്കുന്ന കൊച്ചി-സേലം പൈപ്പ്‌ലൈന് നടപടി , പാലക്കാട് ഐ.ഐ.ടി ക്യാംപസിനായി 504 ഏക്കര് ഭൂമി ഏറ്റെടുപ്പ്, 44.20 കോടി ചെലവില് പട്ടികജാതി വകുപ്പിന് കീഴിലുള്ള ഗവ. മെഡിക്കല് കോളേജ് മെയിന്ബ്ലോക്ക് കെട്ടിടനിര്മാണം എന്നിവ മുന് ജില്ലാകലക്ടര് ഡി.ബാലമുരളിയുടെ നേതൃത്വത്തിലാണ് നടന്നത്.
തുടര്ന്ന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന പരിപാടിയില് കളക്ടറേറ്റിലെ ജീവനക്കാര് അദേഹത്തിന് വികാരനിര്ഭരമായ യാത്രയയപ്പ് നല്കി. ഔദ്യോഗിക അനുഭവങ്ങള് ഉദ്യോഗസ്ഥര് പങ്കുവെച്ചു. എ ഡി എം ആര്. പി. സുരേഷ്, സബ്കലക്ടര് അര്ജുന് പാണ്ഡ്യന്, എച്ച് എസ് ഗീത, ഡെപ്യൂട്ടി കലക്ടര്മാര്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് മുന് ജില്ലാകലക്ടര് ഡി. ബാലമുരളിക്ക് ആശംസകള് നേര്ന്നു. കലക്ടറേറ്റ് ജീവനക്കാരും ജില്ലാ ഇന്ഫര്മേഷന് ഓഫീസും പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്ക്കും ലേബര് കമ്മീഷണറായി നിയമിതനായ മുന് ജില്ലാ കലക്ടര്ക്കും സ്നേഹോപകാരവും സ്വീകരണ പൂക്കളും നല്കി.