എറണാകുളം: കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ നശാ മുക്ത് ഭാരത് ക്യാമ്പയിന് ജില്ലയിൽ തുടക്കം. ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പ്രദീപൻ കെ.ആർ, ജില്ലാതല കോർഡിനേറ്റർ ഫ്രാൻസിസ് മൂത്തേടൻ, സ്റ്റേറ്റ് കോർഡിനേറ്റർ സ്നേഹ മറിയം തോമസ് , ഡോ.അനീഷ് എന്നിവർ പങ്കെടുത്തു.

ഇന്ത്യയിലൊട്ടാകെ ലഹരി വിമുക്ത ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 272 ജില്ലകളിൽ ഒന്നാണ് എറണാകുളം. പരിശീലനം ലഭിച്ച പ്രത്യേക വളൻ്റിയർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, മാതാ പിതാക്കൾ, ക്ലബ് ഭാരവാഹികൾ, ജനപ്രതിനിധികൾ, പോലീസ് എന്നിവർക്ക് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്ലാസുകൾ നൽകും. കൂടാതെ വിദ്യാർത്ഥികൾക്കായി പ്രത്യേക ഓൺലൈൻ മത്സരങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.