കോട്ടയം: ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നപ്പോള്‍ ആശങ്കകള്‍ മാത്രം ബാക്കിയായ കുടുംബം ഇന്ന് വീടിന്‍റെ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകള്‍ മുന്‍കൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തു പറമ്പില്‍ ഹംസയ്ക്കും കുടുംബത്തിനും സ്നേഹവീടൊരുക്കിയത്.
കാഞ്ഞിരപ്പള്ളി സി.ഡി.എസിനു കീഴിലുള്ള 329 കുടുംബശ്രീ യൂണിറ്റുകളിലൂടെ ഒന്നര വര്‍ഷം കൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് വീടിനായി ചിലവഴിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ കെ .എന്‍ സരസമ്മ പറഞ്ഞു. ശ്രമദാനവുമായി നാട്ടുകാരും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പങ്കാളികളായി.
അവസാന പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ ഏറ്റവും അര്‍ഹരെന്ന് കണ്ടെത്തിയ കുടുംഹത്തെയാണ് വീടു നിര്‍മ്മിച്ചു നല്‍കാന്‍ തിരഞ്ഞെടുത്തത്. വൃക്ക രോഗിയായ ഹംസയ്ക്ക് ഭാര്യയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമാണുള്ളത്. 600 ചതുശ്ര മീറ്റര്‍ വിസതീര്‍ണമുള്ള വീടിന് 2020 ജൂലൈ 29 നാണ് തറക്കല്ലിട്ടത്. ഗൃഹപ്രവേശനം ഇന്ന്(ജനുവരി 22) നടക്കും. കാത്തിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ .ആര്‍ തങ്കപ്പന്‍ താക്കോല്‍ കൈമാറും