അറിയാം_നേടാം

മലപ്പുറം:സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് സമാശ്വാസം പദ്ധതി നാല്. സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച പട്ടികവര്‍ഗക്കാരല്ലാത്ത രോഗികളാണ് സമാശ്വാസം പദ്ധതി നാലിലെ ഗുണഭോക്താക്കള്‍. പ്രതിമാസം 2,000 രൂപ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നു.

പദ്ധതിക്ക് അര്‍ഹരായവര്‍

*സംസ്ഥാനത്ത് പട്ടികവര്‍ഗത്തില്‍പ്പെടാത്ത, പൊതുവിഭാഗത്തില്‍പ്പെട്ട, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അരിവാള്‍ രോഗം ബാധിച്ചവരാണ് പദ്ധതിയിലെ ഗുണഭോക്താക്കള്‍.
*അപേക്ഷകര്‍ അരിവാള്‍ രോഗം ബാധിച്ചവരോ എച്ച്.ബി.എസ് കോമ്പിനേഷന്‍ ബാധിച്ചവരോ ആണെന്ന് എച്ച്.പി.എല്‍.സി (High Performing Liquid Chromatography) വഴി കണ്ടെത്തിയവരായിരിക്കണം. കോഴിക്കോട് മെഡിക്കല്‍ കോളജ് പാത്തോളജി വിഭാഗത്തില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നല്‍കണം.
*ജീന്‍ഭേദമുണ്ടെങ്കിലും അരിവാള്‍ രോഗം പ്രകടമല്ലാത്തവര്‍ക്ക് ചികിത്സ ആവശ്യമില്ല. അതിനാല്‍ അത്തരം കേസുകളെ ഈ പദ്ധതിയില്‍ പരിഗണിക്കില്ല.

അപേക്ഷിക്കേണ്ട വിധം:

നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കണം.
അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം മേധാവിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഡോക്ടറുടെയോ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി, അപേക്ഷകരുടെ പേരില്‍ കോര്‍ ബാങ്കിങ് സൗകര്യമുള്ള ദേശസാല്‍കൃത ബാങ്കിലുള്ള അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകര്‍പ്പ്, അപേക്ഷിക്കുന്ന ആളിന്റെ ആധാറിന്റെ പകര്‍പ്പ്.

അപേക്ഷകള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍:

സമൂഹികസുരക്ഷാമിഷന്റെ ഓഫീസ്, മിഷന്റെ വെബ്സൈറ്റ്, മിഷന്റെ വയോമിത്രം പ്രൊജക്ട് ഓഫീസുകള്‍, ജില്ലാ സാമൂഹ്യനീതി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കും