തൃശ്ശൂർ: തീരദേശത്തെ കായിക വിദ്യാർത്ഥികളെ
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നാട്ടികയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്‌കൂളിൽ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സിന്തറ്റിക് ട്രാക്ക്, വിശ്രമ മുറി, ശുചിമുറി എന്നിവ ഉൾപ്പെടെയാണ് പദ്ധതി.നാട്ടിക നിയോജക മണ്ഡലത്തിലെ കായിക മേഖലയിലേക്ക് തന്നെ പുത്തൻ കാൽവെപ്പാകും ഈ സിന്തറ്റിക് ട്രാക്ക്. ദേശീയ മീറ്റുകളടക്കമുള്ള കായിക മത്സരങ്ങളിൽ നിരവധി സ്വർണ മെഡലുകൾ വാരിക്കൂട്ടിയ ഫിഷറീസ് സ്‌കൂളിലെ കായിക താരങ്ങൾ പരിശീലനം നടത്തുന്നത് സ്കൂളിലെ കുണ്ടും കുഴിയും നിറഞ്ഞ ഗ്രൗണ്ടിലാണ്. നാട്ടിക സ്കൂൾ ഗ്രൗണ്ട് കായിക പരിശീലനത്തിന് അനുയോജ്യമല്ലാത്ത നിലവിലെ സാഹചര്യത്തിൽ വലപ്പാട് ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലാണ് നാട്ടിക സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നാട്ടിക സ്പോർട്സ് അക്കാദമിയിലെ അത് ലറ്റുകൾ പരിശീലനം തുടരുന്നത്. സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തോടെ ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ്.

സംസ്ഥാന കായിക മേളയുടെ താരം ആൻസി ജോജൻ സിന്തറ്റിക് ട്രാക്ക് എന്ന ആഗ്രഹം യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. ആൻസി സോജൻ സ്കൂളിൽ സ്ഥലമില്ലാത്തതിനാൽ
ദേശീയ കായിക മത്സരത്തിനായി ഓട്ടം പരിശീലിച്ചത് കടപ്പുറത്താണ്. ഗീതാ ഗോപി എം എൽ എ യുടെ നിരന്തര പരിശ്രമത്തിൻ്റെ ഫലമാണ് ബഡ്ജറ്റിൽ സിന്തറ്റിക് ട്രാക്കിനായി തുക അനുവദിച്ചത്.
ഫിഷറീസ് സ്കൂളിലെ കായിക വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ കായിക പരിശീലനം നൽകി, മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അവർക്ക് സാധിക്കണമെന്നും എം എൽ എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരദേശ കീഫ്ബി ഫണ്ട് 3 മൂന്ന് കോടി ഉപയോഗിച്ച് ഫിഷറീസ് സ്‌കൂളിൽ പുതിയ കെട്ടിടവും നിർമ്മിച്ചിരുന്നു.