തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്‌കാരം പുന്നയൂർക്കുളം ചെറായി സ്വദേശി അഭിമന്യുവിന്. മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർസെക്കന്ററി വിദ്യാർത്ഥിക്കുള്ള അവാർഡിനാണ് എം എസ് അഭിമന്യു അർഹനായത്. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ് അഭിമന്യു. പച്ചക്കറികൾ, നെൽ കൃഷി, തേനീച്ച, മത്സ്യം, താറാവ്, കോഴി തുടങ്ങിയ കൃഷികളാണ് അഭിമന്യു ചെയ്യുന്നത്. കാൽ ലക്ഷം രൂപ, സ്വർണ്ണമെഡൽ, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്നതാണ് അവാർഡ്. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്കൂളിൽ എത്തി അഭിമന്യുവിന് അനുമോദനം അറിയിച്ചു. മാമ്പറ്റ് സിദ്ധാർത്ഥന്റേയും പ്രീതയുടേയും മകനാണ് അഭിമന്യു.