തൃശ്ശൂർ: പ്രളയം വിതച്ച ദുരന്തങ്ങളില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ രൂപീകരിച്ച റിബില്‍ഡ് കേരള പദ്ധതികളുടെ തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്.അടിയന്തര സ്വഭാവമുള്ളതും കൃഷിവകുപ്പുമായി ബന്ധപ്പെട്ടതുമായ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പദ്ധതികളുടെപുരോഗമനം വിലയിരുത്താന്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.298 കോടി രൂപയോളം തൃശൂര്‍-പൊന്നാനി കോള്‍ മേഖലയുടെ വികസനത്തിനായി റിബില്‍ഡ്് കേരള പദ്ധതിയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ കാര്‍ഷിക സര്‍വകലാശാലക്ക് 27 കോടി രൂപയുടെ പദ്ധതിയും, അതിരപ്പിള്ളി ട്രൈബല്‍ വാലി പദ്ധതിക്ക് 10 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.

ജില്ലയില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലായി 340 കോടിയുടെ നവകേരള നിര്‍മാണ പദ്ധതികള്‍ നടന്നുവരുന്നുണ്ട്. അതില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായിരുന്നു കലക്ടറുടെ അധ്യക്ഷതയില്‍ നടന്നത്. റിബില്‍ഡ് കേരള പദ്ധതിയുടെ ഉത്തരവാദിത്തമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.