ജില്ല 99.04 ശതമാനവുമായി മൂന്നാം സ്ഥാനത്ത്

102 സ്‌കൂളുകള്‍ക്ക് 100 ശതമാനം

 3320 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം. 99.04 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതെത്താന്‍ ജില്ലയ്ക്ക് സാധിച്ചു. കഴിഞ്ഞ തവണ 97.08 ശതമാനവുമായി അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല. ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയില്‍ 33074 കുട്ടികളും രണ്ടാം സ്ഥാനക്കാരായ പത്തനംതിട്ടയില്‍ 11294 കുട്ടികളും പരീക്ഷക്കിരുന്നപ്പോള്‍ 34227 പേരെ പരീക്ഷക്കിരുത്തിയാണ് ജില്ല ഈ നേട്ടം കൊയ്തത്. ആകെ 33897 കുട്ടികള്‍ എസ്.എസ്.എല്‍.സി പാസ്സായി.
100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 62 സ്‌കൂളുകളുടെ സ്ഥാനത്ത് ഇത്തവണ 102 സ്‌കൂളുകളാണ് ഈ നേട്ടത്തിന് അര്‍ഹമായത്. ജില്ലയിലെ 3320 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ.പ്ലസ് നേടാനുമായി. കഴിഞ്ഞ വര്‍ഷം ഇത് 1997 ആയിരുന്നു. ജില്ലയിലെ മിക്കവാറും എല്ലാ സ്‌കൂളുകള്‍ക്കും ഇത്തവണ വിജയശതമാനം മെച്ചപ്പെടുത്താനായി.
എസ്.എസ്.എല്‍.സി ഫലം മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൈക്കൊണ്ട നടപടികളോടൊപ്പം വിദ്യാഭ്യാസ വകുപ്പും അധ്യാപകരും പി.ടി.എകളും നടത്തിയ കൂട്ടായ പരിശ്രമങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയില പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫലം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നൂറ്, ഇ മുകുളം തുടങ്ങി 80 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ വിജയശതമാനത്തില്‍ നിര്‍ണായകമായതായി കെ.വി സുമേഷ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം 100 ശതമാനം വിജയമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും ഇക്കാര്യത്തില്‍ സ്‌കൂളുകളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമുള്ള പിന്തുണ തുടരന്നുമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.