ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എട്ട് അംഗന്‍വാടികള്‍ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.യു പ്രതിഭ എംഎല്‍എ പറഞ്ഞു. വളരെ ശോചനീയമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അംഗന്‍വാടികള്‍ക്കാണ് 2019- 2020ലെ സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയത്.

കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി നമ്പര്‍ 39(26 ലക്ഷം), അംഗന്‍വാടി നമ്പര്‍ 21(22.73ലക്ഷം), കായംകുളം നഗരസഭ അംഗന്‍വാടി നമ്പര്‍ 83 (25.75ലക്ഷം), പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി നമ്പര്‍108ന് (23.50 ലക്ഷം), അംഗന്‍വാടി നമ്പര്‍ 128ന് (23.73 ലക്ഷം),കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി നമ്പര്‍ 101ന് ( 24.75 ലക്ഷം), ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി നമ്പര്‍ 3ന് (27ലക്ഷം), അംഗന്‍വാടി നമ്പര്‍ 154 ന് (27 ലക്ഷം)രൂപ എന്നിങ്ങനെ വീതമാണ് തുക അനുവദിച്ചത്.പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.