പാലക്കാട്: സ്ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സീതാലയം പദ്ധതിയിലൂടെ സാന്ത്വനം പകര്ന്നത് പതിനായിരത്തിലധികം പേര്ക്ക്. കഴിഞ്ഞ അഞ്ചുവര്ഷത്തില് പതിനഞ്ചായിരത്തോളം പേരാണ് പദ്ധതിയിലൂടെ പ്രശ്‌നപരിഹാരം തേടിയത്. വന്ധ്യതാ ചികിത്സാ രംഗത്തും ഹോമിയോപ്പതി തിളക്കമാര്ന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. അഞ്ചുവര്ഷത്തിനിടയില് ജില്ലയില് ഹോമിയോപ്പതിയുടെ ജനനി പദ്ധതിയിലൂടെ 31 കുഞ്ഞുങ്ങളാണ് പിറന്നത്.
കുട്ടികളിലെ പഠന വൈകല്യങ്ങള് പരിഹരിക്കുന്നതിനുള്ള സദ്ഗമയ, ലഹരി വിമുക്ത ചികിത്സക്കുള്ള പുനര്ജനി, ജീവിതശൈലി രോഗങ്ങള് പരിഹരിക്കുന്നതിനുള്ള ആയുഷ്മാന് ഭവ:, പകര്ച്ചവ്യാധി പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായുള്ള റീച്ച്, മറ്റ് രോഗങ്ങള്ക്കുള്ള പ്രത്യേക ഒ പികള് എന്നിവയും വകുപ്പ് നടപ്പാക്കുന്നുണ്ട്.
ഇതിനുപുറമേ ജില്ലയിലെ 52 ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെന്സറികള്, 28 ആയുഷ് പ്രൈമറി ഹെല്ത്ത് സെന്ററുകള്, ജില്ലാ ആശുപത്രി എന്നിവയിലൂടെ നിരവധി രോഗികള്ക്ക് ചികിത്സ നല്കുന്നുണ്ട്. കഴിഞ്ഞ നാലു വര്ഷത്തിനകം വകുപ്പില് 246. 39 ലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാന സൗകര്യ വികസനം ഉള്പ്പെടെയുള്ള നവീകരണം നടപ്പാക്കി. ജില്ലയിലെ ഹോമിയോ ഡിസ്‌പെന്സറികള്, ആയുഷ് പ്രൈമറി ഹെല്ത്ത് സെന്ററുകള് എന്നിവയും അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ചിട്ടുണ്ട്.