പാലക്കാട് : മലമ്പുഴ മണ്ഡലത്തില് നിര്മാണത്തിലിരിക്കുന്ന സ്‌കൂള് കെട്ടിടങ്ങള് ജൂണ് ഒന്നിനകം പൂര്ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്ദ്ദേശിച്ചു. മലമ്പുഴ മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില് സ്‌കൂള് അധികൃതരുടെയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില് നടന്ന ഓണ്ലൈന് യോഗത്തിലാണ് തീരുമാനം.
സര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളുടെ ഫലമായി സര്ക്കാര് സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തില് വന് വര്ധനവുണ്ട്. പുതിയ അധ്യയന വര്ഷത്തില് കൂടുതല് കുട്ടികള് സ്‌കൂളിലേക്ക് എത്തുന്ന സാഹചര്യത്തില് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനാല് നിലവില് ആരംഭിച്ചിട്ടുള്ള മുഴുവന് കെട്ടിടങ്ങളുടെയും നിര്മാണം പൂര്ത്തീകരിക്കാനുള്ള നടപടികള് വേഗത്തിലാക്കണമെന്ന് മന്ത്രി നിര്ദ്ദേശിച്ചു.
മലമ്പുഴ മണ്ഡലത്തില് പുതുതായി നിര്മിക്കുന്ന എട്ട് സ്‌കൂള് കെട്ടിടങ്ങളുടെ നിര്മാണ പുരോഗതിയും പൊതു വിദ്യാഭ്യാസ ഡയറക്ടര് ജീവന് ബാബുവിന്റെ നേതൃത്വത്തില് വിലയിരുത്തി. സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിര്മാണം പൂര്ത്തിയാക്കിയ സ്‌കൂള് കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്മാണം ആരംഭിക്കുന്ന കെട്ടിടങ്ങളുടെ നിര്മാണോദ്ഘാടനവും ഫെബ്രുവരി ആറിനും 13 നും മുഖ്യമന്ത്രി നിര്വഹിക്കുന്നതിന് മുന്നോടിയായാണ് അവലോകനയോഗം ചേര്ന്നത്.
എസ്.എസ്.കെയുടെ ഭാഗമായി എലപ്പുള്ളി ഗവ. യു.പി സ്‌കൂളില് നിര്മിച്ച കെട്ടിടം ഫെബ്രുവരി ആറിന് ഉദ്ഘാടനം ചെയ്യും. പുതുതായി നിര്മിക്കുന്ന കെട്ടിടത്തിന്റെ നിര്മാണോദ്ഘാടനവും അന്നേദിവസം നിര്വഹിക്കാന് തീരുമാനമായി. നിര്മാണം പൂര്ത്തിയാക്കിയ എലപ്പുള്ളി ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ ഹയര് സെക്കന്ഡറി ബ്ലോക്ക്, ആനക്കല്ല് ഗവ. ട്രൈബല് ഹൈസ്‌കൂള് കെട്ടിടം എന്നിയുടെ ഉദ്ഘാടനം ഫെബ്രുവരി 13 നും നിര്വഹിക്കാന് തീരുമാനിച്ചു.
കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന് കിഫ്ബി അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികള് ഉടന് പൂര്ത്തിയാക്കാന് യോഗത്തില് തീരുമാനിച്ചു. മലമ്പുഴ ഗവ. വൊക്കേഷണല് ഹയര് സെക്കന്ഡറി സ്‌കൂള് കെട്ടിടത്തിന്റെ നിര്മാണം 2021 ഓഗസ്റ്റില് പൂര്ത്തിയാക്കുമെന്ന് ബന്ധപ്പെട്ട എന്ജിനീയര് അറിയിച്ചു. പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ് സ്‌കൂളില് കെട്ടിടം നിര്മിക്കുന്നതിന് മുന്നോടിയായി കാലപ്പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് വേണ്ട നടപടികള് സ്വീകരിക്കാന് പ്രാദേശികതലത്തില് ജനപ്രതിനിധികളും പി.ടി.എ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചേര്ന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര് നിര്ദ്ദേശിച്ചു. ഇതിനായി ജനുവരി 29 ന് സ്‌കൂളില് യോഗം ചേരും.
ഉമ്മിണി ഗവ. ഹൈസ്‌കൂളില് പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ പുതിയ കെട്ടിടം നിര്മിക്കാനുള്ള നടപടി ആരംഭിച്ചതായി ബന്ധപ്പെട്ട എന്ജിനീയര് അറിയിച്ചു. 140 ഓളം കുട്ടികള് പുതുതായി ചേര്ന്നതിനാല് സ്‌കൂളിലെ സൗകര്യങ്ങള് പരിഹരിക്കാന് നടപടികള് വേഗത്തിലാക്കണമെന്ന് പ്രധാനാധ്യാപിക യോഗത്തില് അറിയിച്ചു. അകത്തേത്തറ ഗവ. യു.പി സ്‌കൂള് നിര്മാണം ജൂണിനകം പൂര്ത്തിയാക്കാന് യോഗത്തില് തീരുമാനമായി. ആദിവാസി വിഭാഗത്തില്പ്പെട്ട കുട്ടികള് ഏറെയുള്ള ആനക്കല്ല് ഗവ. ട്രൈബല് സ്‌കൂളിലെ വിദ്യാര്ഥികള്ക്കായി കെ.എസ്.ആര്.ടി.സി ബസ് സൗകര്യം ഏര്പ്പെടുത്തണമെന്ന് വി.എസ്. അച്യുതാനന്ദന് എം.എല്.എ.യുടെ പിഎ എന്. അനില്കുമാര് യോഗത്തില് ആവശ്യപ്പെട്ടു. ബസ് സൗകര്യം ഏര്പ്പെടുത്തുന്നത് സംബന്ധിച്ച് പാലക്കാട് ജില്ലാ കലക്ടറുമായി ചര്ച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര് ജീവന്ബാബു യോഗത്തില് അറിയിച്ചു. ആനക്കല്ല് സ്‌കൂളില് ഹയര് സെക്കന്ഡറി ബാച്ച് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്കാനും തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര് ജീവന് ബാബു, ഡോ. സി. രാമകൃഷ്ണന്, വി. എസ്. അച്യുതാനന്ദന് എം.എല്.എ.യുടെ പി എ എന്. അനില്കുമാര്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര് ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ജയപ്രകാശ്, പത്മിനി ടീച്ചര്, വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്, നിര്വഹണ ഉദ്യോഗസ്ഥര് യോഗത്തില് പങ്കെടുത്തു.