തൃശ്ശൂർ: കോവിഡും അടച്ചുപൂട്ടലും കഴിഞ്ഞ് കുഞ്ഞുങ്ങൾ സ്‌കൂളിൽ വരുന്നത് ആഘോഷമാക്കാൻ തയ്യാറെടുക്കുകയാണ് വലപ്പാട് ജി ഡി എം എൽ പി സ്‌കൂളിലെ അധ്യാപകർ. ലോക്ക് ഡൗണും കോവിഡ് കാലവും നൽകിയ വിരസതയിൽ നിന്ന് കുട്ടികൾ സ്കൂളിലെത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് വർണ്ണമത്സ്യങ്ങൾ നിറഞ്ഞ അക്വേറിയവും വൈവിദ്ധ്യമായ പൂച്ചെടികൾ നിറഞ്ഞ പൂന്തോട്ടവുമാണ്.

സ്കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളുമാണ് കോവിഡ് കാലത്തിൻ്റെ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് തിരിച്ചെത്തുന്ന കുരുന്നുകൾക്കായ് വിദ്യാലയത്തെ
കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന വേദിയാക്കി മാറ്റിയത്. ക്ലാസ് ചുമരുകളിൽ മനോഹരമായ ചിത്രങ്ങളും വിദ്യാലയങ്കണത്തിലെ പൂന്തോട്ടവും പ്രവേശന കവാടത്തിലെ അക്വേറിയവും കോവിഡ് കാലത്തെ ഒഴിവു സമയങ്ങളെ കുട്ടികൾക്കായി അധ്യാപകരും രക്ഷിതാക്കളും ക്രിയാത്മകമാക്കിയതിൻ്റെ നേർസാക്ഷ്യങ്ങളാണ്…

സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഫർണീച്ചറുകൾ പൂർണ്ണമായും ശിശുകേന്ദ്രീകൃതമായി നവീകരിക്കാനും കുട്ടികളുടെ പാർക്ക് യാഥാർത്ഥ്യമാക്കാനുമുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. കോവിഡ് കാലത്തിൻ്റെ നൊമ്പരങ്ങളിൽ നിന്നും പുതിയ പ്രതീക്ഷയിലേക്ക് കുട്ടികളുടെ ഉണർത്തുകയാണ് വിദ്യാലയത്തിൻ്റെ ലക്ഷ്യം…

കുട്ടികൾക്കായുള്ള അക്വേറിയത്തിൻ്റെ സമർപ്പണം. വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കെ നാസർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി എസ് വിശ്വനാഥൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം രശ്മി ഷിജോ വികസന സമിതി ചെയർമാൻ സി വാസുദേവൻ, പ്രധാനാ ധ്യാപകൻ സി കെ ബിജോയ് എന്നിവർ പങ്കെടുത്തു.