തൃശ്ശൂർ: ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി

ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബി ഡി ദേവസ്സി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൊരട്ടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ പാലം വരുന്നതിലൂടെ കഴിയുമെന്ന് എം എൽ എ പറഞ്ഞു. ചാലക്കുടിയിലെ പ്രധാന റെയിൽവേ ലെവൽ ക്രോസുകളിലെല്ലാം ഇതോടെ മേൽപ്പാലം യാഥാർഥ്യമാകും. മണ്ഡലത്തിലൂടെയുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ഇതിന്റെ ഭാഗമായി എല്ലാ പി ഡബ്ല്യൂ ഡി റോഡുകളും നവീകരിക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെന്നി ബെഹനാൻ എം പി, കലക്ടർ എസ് ഷാനവാസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം ലീല സുബ്രമണ്യൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിന്ധു രവി, കൊരട്ടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സി ബിജു, പഞ്ചായത്ത്‌ അംഗങ്ങളായ ഗ്രേസി സക്കറിയ, ജോർജ്ജ് പയ്യപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

ഒരു വർഷത്തിനുള്ളിൽ ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തീകരിക്കും.17.47 കോടി രൂപ ചിലവിലാണ് മേൽപ്പാലം പണിയുന്നത്. കൊരട്ടി ബസാർ റോഡിലെ അൻപത്തിയാറാം ലെവൽ ക്രോസ്സിന് പകരമായി 2978 മീറ്റർ നീളത്തിൽ രണ്ട് ലൈൻ റോഡും ഫുഡ്പാത്തും ഉൾപ്പടെ 10.15 മീറ്റർ വീതിയിലാണ് മേൽപ്പാലത്തിന്റെ നിർമാണം. ആർ ബി ഡി സി കെയാണ് നിർമാണ ഏകോപനം നിർവഹിക്കുന്നത്.