തലശേരിയില്‍ നടക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സംഘാടക സമിതിയായി. തിരുവനന്തപുരത്ത് മാത്രം നടന്നിരുന്ന ഐഎഫ്എഫ്കെ കോവിഡിനെ തുടര്‍ന്നാണ് തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായി നടത്തുന്നത്.

തിരുവനന്തപുരത്ത് ഫെബ്രുവരി 10ന് തുടങ്ങുന്ന ഫെസ്റ്റ്, ഫെബുവരി 23 മുതല്‍ 27 വരെയാണ് തലശേരിയില്‍ നടക്കുന്നത്. തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബുവരി 17 മുതല്‍ 21 വരെയും പാലക്കാട്ട് മാര്‍ച്ച് 1 മുതല്‍ 5 വരെയുമാണ് ഫെസ്റ്റിവല്‍ നടക്കുക.
ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമായിരിക്കും. ടിക്കറ്റ് രജിസ്‌ട്രേഷന്‍ അടുത്ത ദിവസം ആരംഭിക്കും.

ഓണ്‍ലൈനായി മാത്രമേ ടിക്കറ്റ് രജിസ്‌ട്രേഷന്‍ സാധ്യമാവൂ.
തലശേരിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖ പ്രഭാഷണം നടത്തി. സബ് കലക്ടര്‍ അനുകുമാരി, ജനറല്‍ കൗണ്‍സില്‍ അംഗം വി കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍, ചലച്ചിത്ര നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അക്കാദമി ഡപ്യൂട്ടി ഡയരക്ടര്‍ എച്ച് ഷാജി എന്നിവര്‍ സംസാരിച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി സ്വാഗതവും പറഞ്ഞു ജിത്തു കോളയാട് നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികള്‍: അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ (ചെയര്‍മാന്‍), ജമുന റാണി (വൈസ് ചെയര്‍പേഴ്‌സണ്‍), പ്രദീപ് ചൊക്ലി (ജനറല്‍ കണ്‍വീനര്‍), ചെലവൂര്‍ വേണു, എം കെ മനോഹരന്‍ (ജോ. കണ്‍വീനര്‍). വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.