ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ പരാതികള്‍ സമര്‍പ്പിക്കാം
പാലക്കാട്: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘സാന്ത്വന സ്പര്‍ശം’ ജില്ലാതല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ ജില്ലയില്‍ നടക്കും. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ജില്ലയില്‍ അദാലത്ത് നടക്കുക. പരാതികള്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ് ഇല്ല. അദാലത്ത് നടക്കുന്ന സ്ഥലങ്ങള്‍ പിന്നീട് അറിയിക്കും. പോലീസ്, ദുരന്തനിവാരണം, ലാന്‍ഡ് ട്രൈബ്യൂണല്‍, ലൈഫ് മിഷന് എന്നിവ ഒഴികെയുള്ള പരാതികളാവും പരിഗണിക്കുക. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതികള്‍ നല്‍കാം. അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്കിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഒറ്റപ്പാലം സബ്കലക്ടര്‍ അര്ജുന് പാണ്ഡ്യന്, ആര്.ഡി.ഒ. കാവേരികുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന് ബോബന്, തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.