തൃശ്ശൂർ: കണ്ണാറ ബനാന ആന്റ് ഹണി പാർക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് കൃഷി മന്ത്രി അഡ്വ വി. എസ് സുനിൽകുമാർ. കണ്ണാറയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ബനാന ആന്റ് ഹണി പാർക്കിന്റെ നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് വിലയിരുത്തുകയായിരുന്നു മന്ത്രി. തൃപ്തികരമായ നിലയിൽ പണികൾ പുരോഗമിക്കുന്നുണ്ടെന്നും ഫെബ്രുവരി ആറോടെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാകുമെന്നും ഏപ്രിൽ മാസത്തോടെ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

തേനിൽ നിന്നും വാഴപ്പഴത്തിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ ആരംഭിച്ചതാണ് ബനാന ആന്റ് ഹണി പാർക്ക്. അന്താരാഷ്ട്ര ടെണ്ടർ നടത്തി മികച്ച യന്ത്രങ്ങളാണ് അഗ്രോപാർക്കിൽ സ്ഥാപിക്കുന്നത്. തേനിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. സംസ്ഥാന കാർഷിക മേളയായ ‘വൈഗ’യിൽ ആദ്യത്തെ തീം ആയി തിരഞ്ഞെടുത്തത് ഏത്തപ്പഴവും തേനുമായിരുന്നു. തുടർന്ന് കേരളത്തിൽ സമൃദ്ധമായി ഉണ്ടാകുന്ന വാഴപ്പഴവും തേനുമായി ബന്ധപ്പെട്ടുള്ള മൂല്യവർധിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിന് ആവശ്യമായ സംരംഭങ്ങൾ തുടങ്ങാൻ കണ്ണാറയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമിൽ അഗ്രോ പാർക്ക് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ആധുനിക യന്ത്രസാമഗ്രികളോടെ പ്രവർത്തിക്കുന്ന ഈ അഗ്രോ പാർക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പിന് കീഴിലുള്ള കെയ്‌കോ ആണ് അഗ്രോ പാർക്കിന്റെ നോഡൽ ഏജൻസി. കേരള അഗ്രോ ബിസിനസ് കമ്പനി എന്ന പേരിൽ കമ്പനി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിൽ കർഷകർക്കും സംരംഭകർക്കും മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനുള്ള സംരംഭങ്ങൾ നടത്താനും ബ്രാന്റിംഗിനുമുള്ള കോമൺ ഫെസിലിറ്റി സെന്ററാണ് അഗ്രോപാർക്കിൽ ഒരുങ്ങുന്നത്. ഫെബ്രുവരിയോടെ തേൻ ഉൽപാദനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. മാർച്ചോടെ വാഴപ്പഴവുമായി ബന്ധപ്പെട്ട മൂല്യവർധിത ഉൽപന്ന സംരംഭങ്ങളുടെ പ്രവർത്തനങ്ങളും പൂർത്തിയാകും. വാഴപ്പഴത്തിൽ നിന്നും വൈൻ ഉൾപ്പെടെ വിവിധ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ പാർക്കിൽ സ്ഥാപിക്കുന്നുണ്ട്. കേരളത്തിന്റെ പ്രകൃതിദത്തമായ തേൻ കേരള ഹണി എന്ന പേരിൽ ബ്രാന്റിംഗ് നടത്തി ആഗോളമാർക്കറ്റിൽ എത്തിക്കാനുള്ള നടപടികളും നടന്നുവരുന്നുണ്ട്. വാഴപ്പഴത്തിൽ നിന്നുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനവും കയറ്റുമതിയും പാർക്ക് ലക്ഷ്യമിടുന്നു. മാരായ്ക്കലിലെ വാഴ ഗവേഷണ കേന്ദ്രം ഇതിന്റെ റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗമായി പ്രവർത്തിക്കും. കാർഷിക സർവ്വകലാശാല ഇതുമായി ബന്ധപ്പെട്ട് വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കാൻ കഴിയുന്ന ഇൻക്യുബേഷൻ സെന്റർ അവിടെ ആരംഭിക്കും. കാർഷിക മേഖലയായ ഒല്ലൂർ മണ്ഡലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അഗ്രോ പാർക്ക് കണ്ണാറയിൽ തന്നെ സ്ഥാപിക്കാൻ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ചീഫ് വിപ്പ് അഡ്വ കെ രാജൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫ്രാൻസീന ഷാജു, സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാന്മാരായ ഇ ടി ജലജൻ, സുബൈദ അബൂബക്കർ, വാർഡ് മെമ്പർ രേഷ്മ സജീഷ്, കെയ്‌കോ ഡിവിഷണൽ എഞ്ചിനീയർ സുരേഷ്‌കുമാർ, പ്രൊജക്ട് എഞ്ചിനീയർ ജിതിൻ സ്റ്റീഫൻ, ടിഡിഎൽസി മാനേജർ പ്രിയദർശൻ, സൈറ്റ് എഞ്ചിനീയർ ആൽഫിൻ എന്നിവരും മന്ത്രിക്കൊപ്പം സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.