തൃശ്ശൂർ: കുന്നംകുളം നഗരസഭയിലെ കുറുക്കൻ പാറയിൽ 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരത്തിൻ്റെ ചുറ്റുമതിൽ നിർമാണം ഉടൻ ആരംഭിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. റോഡും കോമ്പൗണ്ടും തമ്മിലുള്ള അതിർത്തി നിർണയം ഉടൻ പൂർത്തിയാക്കും. കെട്ടിടം പണി ആരംഭിക്കുന്നതിനു മുന്നോടിയായി വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുനീക്കുന്ന നടപടികളും ഒരാഴ്ചയ്ക്കകം ആരംഭിക്കും. ആസ്ഥാന മന്ദിരത്തിൻ്റെ ചുറ്റുമതിലിനോട് ചേർന്ന് ഡ്രയിനേജ് സംവിധാനം ഒരുക്കുന്ന നടപടിയ്ക്കും വേഗം കൂട്ടും. അരമീറ്റർ വീതിയിലാണിത് തയ്യാറാക്കുക. ഇവിടേക്ക് നാലു മീറ്ററിൽ റോഡും നിർമിക്കും. താലൂക്ക് ആസ്ഥാനമന്ദിരത്തിൻ്റെ മുഴുവൻ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുള്ള പുതിയ രൂപകല്പന ഒന്നര മാസത്തിനകം സമർപ്പിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിശ്ചിത ആസ്ഥാന മന്ദിരത്തിൻ്റെ പരിധിക്കുള്ളിൽ നിൽക്കുന്ന വീട് അവിടെ നിന്ന് മാറ്റി സ്ഥാപിക്കും. വീട് പൊളിച്ചു നീക്കുന്ന സാഹചര്യത്തിൽ അവർക്ക് സർക്കാർ മതിപ്പുവില നൽകും. ഒപ്പം കുടിവെള്ളമടക്കമുള്ള സൗകര്യങ്ങൾ നഗരസഭയുടെ സഹായത്തിൽ നൽകാനും ധാരണയായി. 5 സെൻ്റ് സ്ഥലത്ത് 680 ചതുരശ്രയടിയിൽ പുതിയ വീട് പണിതു നൽകാനുള്ള പദ്ധതി ആവിഷ്കരിക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ എസ് ഷാനവാസ് റവന്യൂ ഉദ്യോസ്ഥരോട് നിർദേശിച്ചു. താലൂക്ക് ആസ്ഥാനമന്ദിരത്തിൻ്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 27ന് ബുധനാഴ്ച രാവിലെ 11ന് നഗരസഭ അധ്യക്ഷ, തഹസിൽദാർ, വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ പി ഡബ്ല്യുഡി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്താനും തുടർ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശിച്ചു.

ജില്ലാ കലക്ടർ എസ് ഷാനവാസ്, നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, തഹസിൽദാർ പി എസ് ജീവ, പി ഡബ്ല്യുഡി എ ഇ ബിജി, വനം വകുപ്പ് ചാലക്കുടി റേഞ്ച് ഓഫീസർ സുമു, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.