തൃശ്ശൂർ: ഫർണിച്ചർ വ്യവസായ രംഗത്ത് കുതിപ്പിന് കളമൊരുക്കുന്ന ആധുനിക ഫർണിച്ചർ ഫാക്ടറി ചെവ്വൂരിൽ യാഥാർത്ഥ്യമാവുന്നു. രാജ്യത്താദ്യമായി ഇറക്കുമതി ചെയ്ത ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യന്ത്രങ്ങളുടെ സഹായത്തോടെ രൂപകല്പന നടത്തുന്ന കേന്ദ്രം ഫർണിച്ചർ വ്യവസായ ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന തരത്തിലാണ് ജനു. 27 ന് കേന്ദ്ര വ്യവസായ മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും നാടിന് സമർപ്പിക്കുന്നത്. ചേർപ്പ് കടലാശ്ശേരിയിൽ 14.4508 കോടി രൂപ ചെലവഴിച്ചാണ് 1.59 ഏക്കറിൽ 21000 ചതുരശ്ര അടി വിസ്തീർണത്തിൽ കോമൺ ഫെസിലിറ്റി സെന്റർ നിർമിച്ചിട്ടുള്ളത്. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ബ്യുറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ- ബിപ്) മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്.
ഹബ്ബിന്റെ വിശേഷതകൾ
കേരളത്തിൻറെ തനതായ കലാമേന്മയുള്ള പൗരാണിക ഫർണിച്ചർ മാതൃകകൾ സംരക്ഷിക്കുന്നതിനും വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനും ഹബ്ബിൽ സൗകര്യമൊരുക്കിയിരിക്കുന്നു. പരമ്പരാഗത ഡിസൈനുകൾ പുനരാവിഷ്കരിക്കുന്നതിനും വിവിധ നൂതന ഡിസൈനുകൾ വികസിപ്പിക്കുന്നതിനും ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും ഉത്പാദകരുടെ കൂട്ടായ്മ സൃഷ്ടിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അസംസ്കൃത വസ്തുക്കൾ പാകപ്പെടുത്താനുള്ള സൗകര്യവും ഈ ഹബ്ബിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 10.8 കോടി രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഏറിയ പങ്കും ഇറ്റലി, ജർമനി, മലേഷ്യ, തായ്ലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ചൂട് കടക്കാത്ത പ്രകാശം ലഭിക്കുന്ന ഷീറ്റുകൾ കൊണ്ടാണ് ചുമർ ഭാഗം നിർമിച്ചിട്ടുള്ളത്. ചൂടിനെ പ്രതിരോധിക്കുന്ന അലൂമിനിയം ഫോയിൽ വിത്ത് എയർ ബബിൾ ഷീറ്റുകൾ ഉപയോഗിച്ചാണ് കെട്ടിടം മേഞ്ഞിട്ടുള്ളത്.
ധനസഹായം
കേന്ദ്ര സർക്കാർ വിഹിതമായ 10.5 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 2.89 കോടിയും 144 പേർ അടങ്ങുന്ന ഉൽപ്പാദക കൺസോർഷ്യത്തിന്റെ 1.54 കോടി രൂപയും ഫാക്ടറിയുടെ നിർമാണത്തിന് വിനിയോഗിച്ചിരിക്കുന്നു.
യന്ത്രങ്ങൾ
1500 ഓളം ഇനം മരങ്ങളെ സംസ്കരിച്ച് ബലപ്പെടുത്തുന്ന ഇറ്റാലിയൻ യന്ത്രം ഇന്ത്യയിൽ തന്നെ ആദ്യമായി ഈ ഫാക്ടറിയിലാണ് എത്തിയിരിക്കുന്നത്. 700 യൂണിറ്റുകളുടെ അവശിഷ്ടമായി വരുന്ന മരങ്ങൾ ഉപയോഗിച്ച് പ്ലൈവുഡിനേക്കാൾ ബലമുള്ള ഫിംഗർ ജോയിന്റ് മരപ്പലക നിർമിക്കാൻ കഴിയുന്ന ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യന്ത്രവുമുണ്ട്. ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഡിസൈനിങ് സൗകര്യം, ഇറ്റാലിയൻ സാങ്കേതികവിദ്യയിലൂടെ പ്രവർത്തിക്കുന്ന വുഡ് സീസണിങ് യൂണിറ്റുകൾ, തായ് വാൻ സാങ്കേതിക വിദ്യയിലൂടെ വളരെ ചെറിയ തടിക്കഷണങ്ങളെ യോജിപ്പിച്ചു ഉയർന്ന നിലവാരത്തിലുള്ള ഹാർഡ് വുഡ് ബോർഡുകൾ തയ്യാറാക്കുന്നതിനുള്ള സൗകര്യം, മൂല്യവർധിത ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്തു കൊടുക്കുവാൻ ശേഷിയുള്ള ഇറ്റാലിയൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സിഎൻസി മെഷീനുകൾ തുടങ്ങിയവയും ഉൾക്കൊള്ളുന്നു. കൂടാതെ തേക്ക്, ഈട്ടി എന്നീ മരങ്ങൾ ഭംഗിയായി മുറിച്ച് മനോഹരമായ ഫർണിച്ചറുകളാക്കി മാറ്റുന്ന ആധുനിക യന്ത്രങ്ങളും ഈ കേന്ദ്രത്തിന്റെ സവിശേഷതയാണ്. ചൊവ്വൂരിലെ ഫർണിച്ചർ നിർമാണ മേഖലയിലെ 400ൽ പരം വരുന്ന ചെറുകിട യൂണിറ്റുകൾക്കും അനുബന്ധസ്ഥാപനങ്ങൾക്കും തൃശൂർ ഫർണിച്ചർ കോമൺ ഫെസിലിറ്റി സെൻറർ നൽകുന്ന സേവനം പ്രയോജനപ്പെടുത്താം.
ഉൽപ്പാദന പ്രക്രിയ
മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് ഡിസൈൻ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നു. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുടെ സഹായത്തോടുകൂടി അഡോബി ഇല്ലസ്ട്രേറ്റർ, ഓട്ടോകാഡ്, ത്രീ ഡി സ്റ്റുഡിയോ മാക്സ്, ഫോട്ടോഷോപ്പ്, സി എൻ സി ആർട്ട് ക്യാം ആൻഡ് കാഡ് ക്യാം എന്നീ വിവിധയിനം സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിവിധ നൂതന ഡിസൈനുകൾ വികസിപ്പിക്കാനും അതു വഴി ഉൽപ്പന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും സാധിക്കുന്നു.
അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്ന പ്രക്രിയയിലൂടെ ഫാക്ടറിയിലെ പ്രധാന അസംസ്കൃത വസ്തുവായ ചെറിയ മരങ്ങളും, മരക്കഷണങ്ങളും ആകൃതിപെടുത്തി മിനുക്കി എടുക്കുന്നു. ട്രീറ്റ്മെന്റ് സൗകര്യത്തിലൂടെ ഫാക്ടറിയിൽ ബാക്കിയാകുന്ന മിശ്രിതങ്ങളും, പൗഡറുകളും വീടുകളിൽ കാണുന്ന
കീടങ്ങളെ നശിപ്പിക്കുന്നതിനു ഉപയോഗിക്കാം. അനാവശ്യ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കാതിരിക്കാൻ സീസണിങ് സൗകര്യവും സഹായിക്കുന്നു. ഫിംഗർ ജോയിന്റ്, വാല്യൂ ആഡഡ് കമ്പോണന്റ് സൗകര്യങ്ങളും ഉൽപ്പാദന പ്രക്രിയക്ക് ആക്കം കൂട്ടുന്നു. ഏകദേശം 41 ലക്ഷം രൂപ വിലയുള്ള ഡസ്റ്റ് കളക്ടർ ഫാക്ട്റിയെ പൂർണമായും പൊടിരഹിതമായി സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് വഴി ഫാക്ടറിയും പരിസരപ്രദേശവും പരിസ്ഥിതി സൗഹാർദവുമായി തീരുന്നു.
ചരിത്രം
ചെവ്വൂരിന്റെ ഫർണിച്ചർ പെരുമക്ക് വലിയ പഴക്കമുണ്ട്. ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഫർണിച്ചർ ഗ്രാമത്തിൻറെ കുതിപ്പിന് തടസ്സമായി. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വിപ്ലവകരമായ മാറ്റത്തിലേക്ക് ഗ്രാമം കുതിക്കുകയാണ്. മാത്രമല്ല തൃശൂർ താലൂക്കിലെ ഫർണിച്ചർ മേഖലയിൽ പ്രവർത്തിക്കുന്ന എഴുനൂറിലധികം യൂണിറ്റുകളിലെ പതിനായിരത്തിലധികം ആളുകൾക്ക് അനുഗ്രഹമാകുന്ന വലിയ സംരംഭവുമാണിത്.