കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ കുറഞ്ഞ ജലം ഉപയോഗിച്ച് കൂടുതല്‍ കൃഷി ചെയ്ത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് കുറഞ്ഞ ജല ഉപഭോഗവും ഉയര്‍ന്ന ഉത്പാദനവും എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ സിസ്റ്റം ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികമേഖലയില്‍ ജലദൗര്‍ലഭ്യത മൂലമുള്ള പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിനായി മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി ചിറ്റൂര്‍ മേഖലയിലുള്ള ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് നടപ്പിലാക്കാനുള്ള സാധ്യതാപഠനത്തിന്റെ ഭാഗമായാണ് ശില്പശാല.
നനയ്ക്കാനുള്ള സൗകര്യത്തിനനുസരിച്ച് കൃഷിസ്ഥലത്തെ വിവിധ ഭാഗങ്ങളായി വിഭജിച്ച് പൊതുവായ ഒരു ജലസംഭരണിയും വിതരണശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജലസേചനത്തിനുള്ള വൈദ്യുതിക്കായി സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.
കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്കായി ഡ്രിപ് ഇറിഗേഷന്‍ അഥവാ തുള്ളിനനയാണ് കൂടുതല്‍ ഫലപ്രദമെന്ന് നെറ്റഫിം സ്ട്രാറ്റജി ബിസിനസ് യൂണിറ്റ് അഗ്രോണമി സീനിയര്‍ മാനേജര്‍ ശബരീനാഥന്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്ന കമ്പനിയാണ് നെറ്റഫിം ഇറിഗേഷന്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്.
തുള്ളിനന നല്‍കുന്നതിലൂടെ വെള്ളം ഒട്ടും പാഴാകാതെ വേരിലേക്കെത്തുകയും കള വര്‍ധിക്കുന്നത് ഇല്ലാതാവുകയും ചെയ്യും. തൊഴിലാളികളുടെ കൂലിയിനത്തിലും ലാഭമുണ്ടാകും. മറ്റു രീതികളില്‍ ജലസേചനം നടത്തുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി ലാഭം തുള്ളിനനയിലൂടെ ലഭിക്കുന്നു. നെല്‍കൃഷിയിലും തുള്ളിനന വിജയം കണ്ടിട്ടുണ്ട്.
പദ്ധതിയുടെ രൂപകല്പനയ്ക്കായി സെമിനാറില്‍ ചര്‍ച്ചകളും വിവരശേഖരണവും നടത്തി.
ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.എ.ജോഷി, നബാര്‍ഡ് ജില്ലാ മാനേജര്‍ രമേഷ് വേണുഗോപാല്‍, സെന്‍ട്രല്‍ ഗ്രണ്ട് വാട്ടര്‍ ബോര്‍ഡ് ഡയറക്ടര്‍ കുഞ്ഞമ്പു, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സെബാസ്റ്റ്യന്‍, സംയുക്ത ജലക്രമീകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സുധീര്‍ എന്നിവര്‍ സംസാരിച്ചു.