പാലക്കാട്:  സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില് യുവകര്ഷകര്ക്കായി ദ്വിദിനസംഗമം ഫെബ്രുവരി 06, 07 തീയതികളിലായി മലമ്പുഴയില് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപികരിച്ചു. യുവ കര്ഷകര്ക്ക് ഒത്തുകൂടാനും പുത്തന് കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കര്ഷകര്ക്കുള്ള സംശയങ്ങള് ദൂരീകരിച്ചും കൃഷിയില് താല്പര്യമുള്ള യുവതയ്ക്ക് ഊര്ജം നല്കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. ചെറുപ്പക്കാര്ക്കിടയില് ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് യുവകര്ഷക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില് ചേര്ന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള് ഉദ്ഘാടനം ചെയ്തു. കമ്മിഷന് അംഗം പി പി സുമോദ് സംഗമത്തെ കുറച്ചു വിശദീകരിച്ചു. കമ്മിഷന് അംഗം അഡ്വ. ടി മഹേഷ് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സഫ്ദാര് ഷെരീഫ്, യുവജനകമീഷന് സംസ്ഥാന കോഡിനേറ്റര് അഡ്വ. എം രണ്ദീഷ്, മലമ്പുഴ ബ്ലോക്ക് പ്രസിഡന്റ് ബിജോയ്, കുടുംബശ്രീ പ്രതിനിധി സുബിത, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര് ഉമ്മുസല്മ, യുവകര്ഷക അവാര്ഡ് ജേതാവ് സ്വരൂപ് കുന്നപ്പുള്ളി എന്നിവര് സംസാരിച്ചു.