പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ കുട്ടികള്‍ ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിലേക്കെത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിന്റെ ജില്ലാതല കൊല്ലം ടൗണ്‍ യു.പി.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൈത്തറി യൂണിഫോമുകള്‍ നല്‍കുക വഴി പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണം കൂടി സര്‍ക്കാര്‍ നിര്‍വഹിക്കുകയാണ്. ഓരോ സ്‌കൂളും ആവശ്യപ്പെടുന്ന നിറത്തിലാണ് കൈത്തറി സംഘങ്ങള്‍ ഉദ്പാദിപ്പിക്കുന്ന തുണി വ്യവസായ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ നല്‍കുന്നത്. ജില്ലയില്‍ ആവശ്യമുള്ളതിലധികം തുണി ഉദ്പാദിപ്പിച്ചത് കൈത്തറി സംഘങ്ങളുടെ പ്രവര്‍ത്തന മികവിന് തെളിവാണ്. കൂടുതലായി ഉദ്പാദിപ്പിച്ച തുണി മറ്റു ജില്ലകളിലെ യൂണിഫോം ആവശ്യത്തിനായി നല്‍കും.
അവധിക്കാലത്തുതന്നെ യൂണിഫോമും പാഠപുസ്തകവും നല്‍കാനായത് വലിയ നേട്ടമാണ്. വിദ്യാലയങ്ങളുടെ ആധുനീകരണത്തിനായി 5000 കോടി രൂപ  സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. ഇതോടൊപ്പം വരുംതലമുറയെ കാര്‍ഷിക സംസ്‌കാരത്തിലേക്ക് തിരികെ കൊണ്ടുവരാനായി സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഉള്ള വരുമാനത്തില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാനുതകുന്ന സാഹചര്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവുമധികം തുണി ഉദ്പാദിപ്പിതിനുള്ള വ്യവസായ  വകുപ്പിന്റെ ഉപഹാരം കരുനാഗപ്പള്ളി കൈത്തറി സംഘം പ്രതിനിധിക്ക് മന്ത്രി സമ്മാനിച്ചു. മികവ് പുലര്‍ത്തിയ തൊഴിലാളികള്‍ക്കുള്ള ഉപഹാരം ചാത്തന്നൂര്‍ നെയ്ത്ത് സംഘത്തിലെ രാമചന്ദ്രന്‍, വരിഞ്ഞം സംഘത്തിലെ ചന്ദ്രമതി എന്നിവര്‍ക്ക് സമാനിച്ചു.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ചടങ്ങില്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം, മാനേജര്‍ കെ.എസ്. ശിവകുമാര്‍, ടൗണ്‍ യു.പി.എസ്. ഹെഡ്മാസ്റ്റര്‍ അജയകുമാര്‍, പി.ടി.എ. പ്രസിഡന്റ് ജെ. ബിജു, എസ്.എസ്.എ ജില്ലാ ഓഫീസര്‍ രാധാകൃഷ്ണനുണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.