കോഴിക്കോട്: കേരളത്തിലെ പതിനായിരം ഓഫീസുകളെ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ജില്ലാ തല പ്രഖ്യാപനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ ഒരു ശീലമായി ഏറ്റെടുക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വി.കെ.സി.മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. കലക്ടര്‍ സാംബശിവ റാവു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസുകളായി മാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിത ഓഡിറ്റിന്റെ ഭാഗമായി 141 ടീമുകളായി 1272 ഓഫീസുകള്‍ പരിശോധിച്ചു. ഇതില്‍ 299 എണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു. 343 ഓഫിസുകൾക്ക് ബി ഗ്രേഡ്, 325 എണ്ണത്തിന് സി ഗ്രേഡ് എന്നിങ്ങനെ 967 ഓഫീസുകളാണ് ഹരിത ഓഫീസ് സാക്ഷ്യപത്രം നേടിയത്. 325 ഓഫീസുകള്‍ 70 മാര്‍ക്കിന് താഴെ ആയതിനാല്‍ ഗ്രേഡിംഗിന് യോഗ്യത നേടിയില്ല.

തരംതിരിച്ചു പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്കും മറ്റ് ഏജന്‍സികള്‍ക്കും നല്‍കി യതിന്റെ വില ഹരിതകര്‍മസേനക്ക് ലഭ്യമാക്കുന്നതിന്റെ ക്യാമ്പയിന്‍ പ്രവര്‍ത്തനവും നടന്നു. 38 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്കും 4 എണ്ണം സ്വകാര്യ ഏജന്‍സികള്‍ക്കും പാഴ് വസ്തുക്കള്‍ തിരിച്ച് കൈമാറി. ശുചിത്വ പദവി കൈവരിച്ച 49 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 34 ഉം ശുചിത്വ പദവി കൈവരിക്കാത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് ക്ലീന്‍ കേരള കമ്പനിക്ക് 34.5 ടണ്‍ പാഴ്വസ്തുക്കള്‍ കൈമാറിയത്. ഇതിലൂടെ ഹരിതകര്‍മ്മ സേനക്ക് നല്‍കുന്ന 2,18, 257 രൂപയുടെ പ്രതീകാത്മകമായ ചെക്ക് മന്ത്രി, എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവർ ചേര്‍ന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. നാസര്‍ബാബു എന്നിവര്‍ക്ക് കൈമാറി.

നൂറില്‍ മുഴുവന്‍ മാര്‍ക്കും നേടി എ ഗ്രേഡ് നേടിയ മേഖലാ സ്റ്റേഷനറി ഓഫീസ്, കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപതി എന്നിവയ്ക്കും, A ഗ്രേഡ് നേടിയ കോഴിക്കോട് കോര്‍പ്പറേഷന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവയ്ക്കും കോര്‍പ്പറേഷന്‍ തലത്തിലെ മികച്ച ഓഫീസുകള്‍ക്കുള്ള ഹരിത സാക്ഷ്യപത്രം മന്ത്രി കൈമാറി.

കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ്. ജയശ്രീ, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. നാസര്‍ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.വി രവികുമാര്‍ എന്നിവർ ആശംസകള്‍ നേര്‍ന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഓഫീസ് മേധാവികള്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍മാര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസ് നന്ദി അറിയിച്ചു.