13,000 പട്ടയം വിതരണം ചെയ്യും, തൊഴിലവസരങ്ങൾ 50,000

സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂർത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബർ 17-ന് പ്രഖ്യാപിച്ച പരിപാടി മാർച്ച് 27-ന് പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികൾ പൂർത്തിയായി. ഇതിൽ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികൾ പുരോഗമിക്കുന്നു. 100 ദിന പരിപാടിയിൽ അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23,606 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളിൽ പതിനായിരം പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാൽ ഇപ്പോൾതന്നെ പതിമൂവായിരം പട്ടയങ്ങൾ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തിൽ വ്യക്തമായി.

സാമൂഹ്യസുരക്ഷാ പെൻഷൻ 1400 രൂപയിൽ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതൽ 1500 രൂപയാക്കിയ പെൻഷൻ വിതരണം ചെയ്തു തുടങ്ങും.16 സ്മാർട്ട് വില്ലേജ് ഓഫീസുകൾ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിൽ 19 സ്മാർട്ട് വില്ലേജ് ഓഫീസുകൾ പൂർത്തിയായി. 100 ദിന പരിപാടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇപ്പോൾ തുടക്കം കുറിച്ച പരിപാടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാലും പൂർത്തിയാക്കാൻ വകുപ്പ് സെക്രട്ടറിമാർ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിൽ പുതുതായി 49 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് കൂടാതെ 53 ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഡയാലിസിസ് സൗകര്യവും പുതിയ ഒ.പി. ബ്ലോക്കും ആരംഭിക്കും.

സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പോലീസ് വകുപ്പ് ഉടനെ പുറത്തിറക്കും. തനിച്ച് താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് സംരക്ഷണയും പിന്തുണയും നൽകാനുള്ള പോലീസ് വകുപ്പിന്റെ വി-കെയർ പദ്ധതിയും താമസിയാതെ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 13 കോളേജുകളിലും എം.ജി. സർവകലാശാല കാമ്പസിലുമായി കിഫ്ബി വഴി 205 കോടി രൂപയുടെ നിർമാണം ഈ കാലയളവിൽ ആരംഭിക്കും. എയ്ഡഡ് കോളേജുകളിൽ 721 തസ്തികകൾ സൃഷ്ടിക്കും. കയർ മേഖലയിൽ വിർച്വൽ കയർമേള ഫെബ്രുവരിയിൽ നടക്കും. കയർ കോമ്പോസിറ്റ് ഫാക്ടറിയിൽ ബൈന്റർലെസ് ബോർഡ് നിർമിക്കുന്ന ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘടാനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
കായികരംഗത്ത് 185 കോടി രൂപ ചെലവിൽ ഒമ്പത് സ്റ്റേഡിയങ്ങളുടെ നിർമാണം ആരംഭിക്കും.

കാർഷിക മേഖലയിൽ 496 കോടി രൂപയുടെ 46 പദ്ധതികളാണ് നടപ്പാക്കുന്നത്.
ആറ്റിങ്ങലിൽ സംയോജിത നാളികേര സംസ്‌കരണ പ്ലാന്റിന് തുടക്കം കുറിക്കും.
ജലവിതരണ മേഖലയിൽ ഭൂരിഭാഗം പദ്ധതികളും നല്ലനിലയിൽ പുരോഗമിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതിയിൽ 15,000 വീടുകൾ പൂർത്തിയാക്കും. കൂടാതെ 35,000 വീടുകളുടെ നിർമാണം ആരംഭിക്കും. ഭൂമിയില്ലാത്തവർക്ക് അഞ്ച് ഭവനസമുച്ചയങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കും. 153 കുടുംബശ്രീ ഭക്ഷണശാലകൾ ആരംഭിക്കും. കുടുംബശ്രീയുടെ 500 കയർക്രാഫ്റ്റ് സ്റ്റാളുകളും തുറക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ 1620 പ്രവൃത്തികളിലായി 3598 കിലോമീറ്റർ റോഡ് ജനുവരി 31-നകം പൂർത്തിയാക്കും.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 8 ലക്ഷം തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിക്കും.
വയനാട്ടിൽ തോട്ടം തൊഴിലാളികൾക്കുള്ള ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഉടൻ നടക്കും. മുതിർന്ന പൗരൻമാർക്കുള്ള നവജീവൻ തൊഴിൽ പദ്ധതിക്ക് തുടക്കും കുറിക്കും. 3500 പട്ടികവർഗക്കാർക്ക് വനാവകാശരേഖ കൊടുക്കും. ഈ വിഭാഗത്തിനുവേണ്ടി 4800 വീടുകൾ പൂർത്തിയാക്കും. 500 കിലോമീറ്റർ നീളത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നതനിലവാരത്തിൽ 11 റോഡുകൾ നിർമിക്കും.
റീബിൽഡ് കേരള പദ്ധതിയിൽ 1613 കോടി രൂപ ചെലവിൽ റോഡ് നിർമാണത്തിന് തുടക്കം കുറിക്കും. വിദ്യാഭ്യാസ മേഖലയിൽ അഞ്ചുകോടി ചെലവിൽ അമ്പതു സ്‌കൂളുകളുടെയും മൂന്നു കോടി ചെലവിൽ നവീകരിച്ച 30 സ്‌കൂളുകളുടെയും ഉദ്ഘാടനം നടക്കും. ഇതു കൂടാതെ 3 കോടിയും ഒരു കോടിയും ചെലവു വരുന്ന 100 സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.

20 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായി ഉയർത്തും. 60 കോടി രൂപ ചെലവിൽ 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം നടക്കും. ചെത്തി മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിടും. വളഞ്ഞവഴിയിൽ ആറ്റുകൊഞ്ച് ഹാച്ചറി, പന്നിവേലിച്ചിറ ഫിഷ് ഹാച്ചറി, കുളത്തൂപ്പുഴ, കണത്താർകുന്നം ഫിഷറീസ് ഫാമുകൾ എന്നിവയുടെ ഉദ്ഘാടനം ഉടനെ നടക്കും. കോട്ടൂർ ആനപരിപാലന കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനത്തിന് സജ്ജമായി. കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനവും ഈ കാലയളവിൽ നടക്കും. കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. ടൂറിസം രംഗത്ത് 310 കോടി രൂപ ചെലവിൽ 27 പദ്ധതികളാണ് നടപ്പാക്കുന്നത്. 200 കോടി രൂപ ചെലവിൽ കെഎസ്ഡിപിയുടെ ഓങ്കോളജി പാർക്കിന് തറക്കല്ലിടും. കേന്ദ്ര സർക്കാർ കമ്പനിയായ വെള്ളൂർ എച്ച്.എൻ.എൽ ഏറ്റെടുക്കൽ പൂർത്തിയാക്കും.

മുട്ടം സുഗന്ധദ്രവ്യ പാർക്കിന് തറക്കല്ലിടും. മലബാർ കോഫി പൗഡർ വിപണിയിൽ ഇറക്കുന്നതിന് പ്രത്യേക കമ്പനിക്ക് രൂപം നൽകും. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമാകും. സഹകരണ മേഖലയിൽ 150 പച്ചക്കറി സ്റ്റാളുകൾ തുടങ്ങും. അവലോകന യോഗത്തിൽ  മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്തു.