എറണാകുളം: കടമക്കുടി ദ്വീപ് സമൂഹത്തിന്‍റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായുള്ള നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗോശ്രീ ഐലന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (ജിഡ) അടിയന്തര യോഗം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദ്വീപ് വികസന പ്രക്രിയയ്ക്കും തീരദേശ വികസന പ്രക്രിയയ്ക്കും ഏറെ ഗുണകരമായ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
കോതാട് – ചേന്നൂര്‍ പാലത്തിന് യോഗം നിര്‍മ്മാണ അനുമതി നല്‍കി. 37.5 കോടി നിര്‍മാണ ചെലവ് കണക്കാക്കുന്ന പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ആരംഭിക്കാന്‍ സാധിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത എസ്. ശര്‍മ എം.എല്‍.എ പറഞ്ഞു. ഒന്‍പത് മീറ്റര്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചേന്നൂര്‍ – പിഴല പാലത്തിന്റെ നിർമാണത്തിനും യോഗത്തില്‍ അനുമതി നല്‍കി. 19.50 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പദ്ധതിക്ക് നല്‍കിയത്. ചേന്നൂര്‍ – ചെറിയംതുരുത്ത് പാലം നിര്‍മാണത്തിനും എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകാരം നല്‍കി. 20.50 കോടിരൂപയുടെ പദ്ധതിയാണിത്. കടമക്കുടി ദ്വീപ് സമൂഹത്തിന്‍റെ അടിസ്ഥാന വികസന പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം കാണുവാന്‍ ഈ തീരുമാനങ്ങളിലൂടെ സാധിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. കടമക്കുടി – ചാത്തനാട് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കും. സ്ഥലം വിട്ടുതരുന്നവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി സ്ഥലവും വീടും നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തോടൊപ്പം നാല് സെന്‍റ് ഭുമിയും മറ്റ് സഹായങ്ങളും ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.
വൈപ്പിന്‍ – പള്ളിപ്പുറം 24 കിലോമീറ്റര്‍ ദൂരം 18 പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടിരൂപ അനുവദിക്കുകയും നിര്‍വ്വഹണ ഏജന്‍സിയായി കോസ്റ്റല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. മുളവുകാട് റോഡ് വികസന പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 7.24 കോടിരൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. മൂലമ്പിള്ളി പിഴല പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ 350 മീറ്റര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭരണാനുമതിക്കായി സമര്‍പ്പിച്ചിരുന്നു. അനുമതി ലഭ്യമാക്കി അടുത്തമാസം ആദ്യത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കും. പിഴല ദ്വീപ് നിവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇതില്‍ അടിയന്തര തീരുമാനം കാണുന്നതെന്നും എം.എല്‍.എ വ്യക്തമാക്കി. യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, ജിഡ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജിഡ പ്രോജക്ട് ഡയറക്ടര്‍ ജിനു വര്‍ഗീസ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം വി.വി ജോസഫ് മാഷ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.