ലക്ഷദ്വീപിന്റെ തീരദേശ ഡിജിറ്റൈസേഷന്‍ സര്‍വേ ചെയ്യാന്‍ കേരളത്തിന് അവസരം
തിരുവനന്തപുരം:  തീരപ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.  സംസ്ഥാനത്തെ തീരപ്രദേശങ്ങളുടെ ഡിജിറ്റൈസേഷന്‍ സര്‍വേയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും ഡിജിറ്റല്‍ മാപ്പിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  രാജ്യസുരക്ഷയ്ക്ക് പ്രധാന പങ്ക് വഹിക്കുന്ന തീരപ്രദേശങ്ങളുടെ കൃത്യമായ വിവരശേഖരണം നടത്താന്‍ ഈ സര്‍വേയിലൂടെ സാധിച്ചു.  ലക്ഷദ്വീപിന്റെ ഡിജിറ്റൈസേഷന്‍ സര്‍വേ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടത് സര്‍ക്കാരിന് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കൊല്ലങ്കോട് മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി വരെയുള്ള 570 കിലോമീറ്റര്‍ വരുന്ന തീരപ്രദേശമാണ് സര്‍വേയില്‍ ഉള്‍പെട്ടിട്ടുള്ളത്.  ആകെ 65 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തില്‍ ചെലവായത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു പരിചയസമ്പന്നരായ ജീവനക്കാര്‍ ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.  തീരപ്രദേശത്തിന്റെ തുടര്‍വികസന പദ്ധതികള്‍ തയാറാക്കാന്‍ സര്‍വേ സഹായകമാകും.  സര്‍വേ ചാര്‍ട്ട്, അസിസ്റ്റന്റ് കാര്‍ട്ടോഗ്രാഫര്‍ ജിഷ ജോസഫ് മന്ത്രിയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി.
കമലേശ്വരത്തെ ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്ങിന്റെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്.ഇ.ഡി ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ജെറോഷ് കുമാര്‍, വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.