ഈ വർഷം ചികിത്സിച്ചത് 170 രോഗികളെ

ദേശീയ കുഷ്ഠരോഗ നിർമാർജന ദിനം ആചരിക്കുമ്പോൾ എല്ലാവരും കുഷ്ഠരോഗത്തെപ്പറ്റി അവബോധമുള്ളവരായിരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഫെബ്രുവരി 12 വരെ ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണവും സ്പർശ് ബോധവൽക്കരണ ക്യാമ്പയിനും നടത്തുമെന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ രോഗനിർണയം നടത്തുകയും യഥാസമയം ചികിത്സ പൂർത്തിയാക്കുകയും ചെയ്യുന്നതിലൂടെ കുഷ്ഠ രോഗത്തോടനുബന്ധിച്ചുണ്ടാകുന്ന അംഗവൈകല്യം ഒഴിവാക്കാനാകും എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. കർശനമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാര്യക്ഷമമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയതിലൂടെ കുഷ്ഠരോഗ നിർമാർജന രംഗത്ത് ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സംസ്ഥാനത്തിനായി. 2017-18ൽ 520 രോഗികളെയും 2018-19 ൽ 705 രോഗികളെയും 2019 20 ൽ 675 രോഗികളെയും, 2021ൽ 170 രോഗികളെയും പുതിയതായി കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുവാൻ കഴിഞ്ഞു. 2018ൽ ആരംഭിച്ച അശ്വമേധം കുഷ്ഠരോഗ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായ സ്പർശിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു.  ഇതോടൊപ്പം അശ്വമേധം മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഈ വർഷം നടപ്പിലാക്കുന്ന എൽസ  (Eradication of Leprosy through Self reporting & Awareness) കോവിഡ് പശ്ചാത്തലത്തിൽ നിരന്തര ബോധവൽക്കരണത്തിലൂടെ കുഷ്ഠ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉള്ളവരെ രോഗ നിർണയത്തിനും ചികിത്സയ്ക്കും പ്രേരിപ്പിക്കുന്നു. കുഷ്ഠരോഗ ചികിത്സ പദ്ധതിയുടെ ഭാഗമായി സർക്കാർ ടെലി മെഡിസിൻ സംരംഭമായ ഇ-സഞ്ജീവനിയിലൂടെയും ചികിത്സ ലഭ്യമാക്കി.

2021 ൽ നടക്കുന്ന മറ്റൊരു കുഷ്ഠ രോഗ നിർമ്മാർജ്ജന പദ്ധതിയാണ് ആക്ടീവ് കേസ് ഡിറ്റൻഷൻ ആൻഡ് റെഗുലർ സർവയലൻസ് ഫോർ ലെപ്രസി  (ACD & RS) സർവേ.  പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ആശാവർക്കർമാർ ഉൾപ്പെടെയുള്ള വോളണ്ടിയർമാർ ഭവന സന്ദർശനം നടത്തുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി യഥാസമയം ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു.