കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടി ഇന്ന് (മെയ് 6) നടക്കുന്ന നീറ്റ് പരീക്ഷ എഴുതാനായി ജില്ലയിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വന്നിറങ്ങിയ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ‘നീറ്റായി’ പരീക്ഷയെഴുതാന്‍ സര്‍വ്വ ക്രമീകരണങ്ങളുമൊരുക്കി ജില്ലാഭരണകൂടം. ജില്ലയിലെത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താമസത്തിനോ വാഹന സൗകര്യത്തിനോ ബുദ്ധിമുട്ടേണ്ടി വന്നില്ല. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ മേല്‍നോട്ടത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തനമാരംഭിച്ച ഹെല്‍പ്പ് ഡെസ്‌കുകളില്‍ വൊളന്റിയര്‍മാരും പോലീസ്, റവന്യൂ, റെയില്‍വേ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നതില്‍ സുസജ്ജരായിരുന്നു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനെത്തുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടേക്കെത്തുന്നതിനും താമസ സൗകര്യമൊരുക്കുന്നതിനും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍  നല്കുന്നതിനും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനുമായി രാവിലെ ആറു മുതല്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്ച (മെയ് 5) രാവിലെ എട്ടരയോടെ ആരംഭിച്ച കൗണ്ടറുകള്‍ ഞായറാഴ്ച (മെയ് 6) വൈകീട്ട് 7 മണി വരെ പ്രവര്‍ത്തനസജ്ജമാണ്. ഹെല്‍പ്പ് ഡസ്‌ക് നമ്പര്‍ 9061518888
ജില്ല കളക്ടറുടെ മേല്‍നോട്ടത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. രാവിലെ 10 നു ജില്ല കളക്ടര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ടെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് വൈറ്റില മൊബിലിറ്റി ഹബ്ബിലും കളക്ടറെത്തി വിദ്യാര്‍ഥികള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കി.
എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകള്‍, ആലുവ, അങ്കമാലി റെയില്‍വേ സ്‌റ്റേഷനുകള്‍, എറണാകുളം, ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവിടങ്ങളിലായാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. രാവിലെ നീറ്റ് വിദ്യാര്‍ഥികളുമായി ചെന്നൈയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയപ്പോഴേക്കും വിവിധ വകുപ്പുകളിലെ ജീവനക്കാരും വൊളന്റിയര്‍മാരും വിദ്യാര്‍ഥികള്‍ക്ക് എല്ലാ സഹായവുമൊരുക്കാന്‍ കാത്തുനിന്നിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേരാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ലഭ്യമാക്കി.
വൈകിട്ട് അഞ്ചു മണിവരെയുള്ള കണക്ക് പ്രകാരം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇരുവശങ്ങളില്‍ നിന്നുമുള്ള ഒന്‍പത് ട്രെയിനുകളിലായി 150 ലധികം പേര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് സഹായമഭ്യര്‍ഥിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇരുവശങ്ങളില്‍ നിന്നുള്ള 13 ട്രെയിനുകളിലായി 300 ലധികം പേരും ഹെല്‍പ്പ് ഡെസ്‌കിനെ സമീപിച്ചു. അങ്കമാലിയില്‍ അഞ്ച് ട്രെയിനുകളിലായി 34 വിദ്യാര്‍ഥികളും ആലുവയില്‍ ഇരുഭാഗത്തുനിന്നുമുള്ള എട്ട് ട്രെയിനുകളിലായി 55 വിദ്യാര്‍ഥികളും ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തി.
നീറ്റ് പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി താലൂക്കിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാക്കനാട് കളക്ട്രേറ്റില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ – 0484 2423513
ആകെ അയ്യായിരത്തോളം ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കാണ് എറണാകുളം ജില്ലയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം സംസ്ഥാനങ്ങളില്‍ കേന്ദ്രം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതിനെ തുടര്‍ന്ന് അവിചാരിതമായി യാത്ര പുറപ്പെടേണ്ടി വന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ് ഡസ്‌ക്് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അമിതകൂലിയും വാടകയും ഈടാക്കി ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു.
ആകെ 58 നീറ്റ് പരീക്ഷാകേന്ദ്രങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. ഇതില്‍ 37 കേന്ദ്രങ്ങള്‍ നഗരമേഖലയിലും 21 കേന്ദ്രങ്ങള്‍ റൂറല്‍ ജില്ലയിലുമാണ്. അയ്യായിരത്തോളം ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ അടക്കം 33160 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ ഹാള്‍ ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. ഇന്ന് (മെയ് 6) രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരീക്ഷ.
സ്‌നേഹസ്വാഗതമോതി സഹായ കേന്ദ്രങ്ങള്‍
വൈറ്റില ഹബ്ബ്
കൊച്ചി: സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നീറ്റ് പ്രവേശന പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ ആദ്യം സജ്ജമായ വൈറ്റില മൊബിലിറ്റി ഹബ്ബിലെ ഡെസ്‌കിലെത്തിയവര്‍ക്ക് ജീവനക്കാര്‍ നല്‍കിയത് സ്‌നേഹോഷ്മള സ്വീകരണം.
പ്രധാനമായും ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സഹായ അഭ്യര്‍ഥന നടത്തി. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, ശ്രീരംഗം എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു വൈറ്റില ഹബ്ബില്‍ എത്തിയവരില്‍ കൂടുതല്‍.
ഹബ്ബിന്റെ നീളമേറിയ പ്ലാറ്റ്‌ഫോമിന്റെ ഏത് കോണിലിറങ്ങിയവര്‍ക്കും നീറ്റ് ഹെല്‍പ് ഡെസ്‌കിലെത്താന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഹബ്ബ് ജീവനക്കാര്‍ ഒന്നടങ്കം അവരെ സഹായിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ പരീക്ഷാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഹബ്ബ് ഒരുങ്ങിയിരുന്നു. ശുചീകരണ തൊഴിലാളികളും സുരക്ഷാ ജീവനക്കാരുമെല്ലാം പരീക്ഷാ കേന്ദ്രങ്ങള്‍ തിരക്കിയവരെ ഹെല്‍പ് ഡെസ്‌കിലേക്ക് നയിച്ചു. പൂര്‍ണ്ണ സജ്ജമായ സഹായ കേന്ദ്രം ഏവരെയും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്രീപെയ്ഡ് ഓട്ടോ സംവിധാനമടക്കമുള്ള സൗകര്യങ്ങള്‍ ഏറെ ഉപകാരപ്പെട്ടു. ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളുടെയും വിലാസവും അതത് സ്ഥാപനങ്ങളുടെയും പ്രധാന അദ്ധ്യാപകരുടെയും ഫോണ്‍ നമ്പറുകള്‍ അടക്കം സജ്ജമാക്കിയിരുന്ന കേന്ദ്രങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വഴിയ്ക്ക് പുറമേ താമസ സൗകര്യങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കി.
വൈറ്റില ഡസ്‌കിന്റെ ചുമതല അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ ദീപക് ശങ്കരമംഗലത്തിനായിരുന്നു. ഓണ്‍ലൈന്‍ സൗകര്യങ്ങളിലൂടെ താമസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയവരും ഹെല്‍പ്പ് ഡെസ്‌കിന്റെ സഹായം തേടി. സൂപ്പര്‍വൈസര്‍ ടി.പി. നാരായണനടക്കമുള്ള ഹബ്ബ് ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് പലരും മടങ്ങിയത്.
അങ്കമാലി റയില്‍വെ സ്റ്റേഷന്‍
നീറ്റ് പരീക്ഷ എഴുതനെത്തിയവര്‍ക്ക് അങ്കമാലിയിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. താമസ സൗകര്യങ്ങളും പരീക്ഷാ കേന്ദ്രങ്ങളും മാത്രമല്ല നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും അങ്കമാലി റയില്‍വെ സ്‌റ്റേഷനില്‍ സജ്ജമാക്കിയ സഹായകേന്ദ്രത്തില്‍ നിന്നു ലഭിച്ചു.  രണ്ടു പേരടങ്ങുന്ന റവന്യൂ വകുപ്പ് ജീവനക്കാരുടെ സേവനം ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ തന്നെ റയില്‍വെ സ്‌റ്റേഷനില്‍ ലഭ്യമായിരുന്നു. അങ്കമാലിയില്‍ രാവിലെ എട്ടരയോടെ സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.  റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരുന്നു നേതൃത്വം നല്‍കിയത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയും വിധം റയില്‍വേ സ്‌റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തില്‍ തന്നെയായിരുന്നു ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിച്ചത്. ജില്ലയില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ള ഓരോ വിദ്യാര്‍ത്ഥികളുടെയും പേരും പരീക്ഷാ കേന്ദ്രവും വ്യക്തമാക്കുന്ന പട്ടികയും ഇവരുടെ കൈവശമുണ്ടായിരുന്നു.
രാവിലെ തന്നെയെത്തിയ ചെന്നൈ ആലപ്പി എക്‌സ്പ്രസ്സിലായിരുന്നു ആദ്യ വിദ്യാര്‍ത്ഥി എത്തിയത്. ട്രിച്ചി സ്വദേശികളായ ഇവര്‍ക്ക് മൂക്കന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌ക്കൂളായിരുന്നു പരീക്ഷാ കേന്ദ്രം. ഇവര്‍ക്ക് അങ്കമാലി നഗരത്തില്‍ തന്നെ മിതമായ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഉദ്യോഗസ്ഥര്‍ പറഞ്ഞു നല്‍കി. പരീക്ഷാ കേന്ദ്രത്തില്‍ പെട്ടെന്നെത്താനുള്ള സൗകര്യമനുസരിച്ചുള്ള താമസ കേന്ദ്രങ്ങളാണ് നല്‍കിയത്.
പിന്നീട് സ്‌റ്റേഷനിലെത്തിയ രപ്തി സാഗര്‍ എക്‌സ്പ്രസിലും പരീക്ഷക്കെത്തിയ നിരവധി പേരുണ്ടായിരുന്നു. അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളും മറ്റൂര്‍ ശ്രീ ശാരദാ വിദ്യാലയവും ചെങ്ങമനാട് സരസ്വതീ വിദ്യാകേന്ദ്രവുമായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌റ്റേഷനിലെത്തിയ പരശുറാം എക്‌സ്പ്രസിലും വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. വൈകിട്ട് അഞ്ചു വരെ അഞ്ചു ട്രെയിനുകളിലായി 34 വിദ്യാര്‍ത്ഥികള്‍ അങ്കമാലിയില്‍ പരീക്ഷയ്‌ക്കെത്തി. പലരും കുടുംബസമേതമാണ് എത്തിയത്. ഭാഷാ പ്രശ്‌നം ഉള്ളതിനാല്‍ പലരെയും ഉദ്യോഗസ്ഥര്‍ തന്നെ തൊട്ടടുത്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസിലും ഓട്ടോയിലും കയറ്റി വിട്ടു. പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളും ഇന്നലെ ഉച്ചയോടെ എത്തി. ഇവര്‍ക്കെല്ലാം താമസസ്ഥലങ്ങളും ദൂരവും ഉദ്യോഗസ്ഥര്‍ കൃത്യമായി എഴുതി കൊടുക്കുകയായിരുന്നു. ഇടയ്ക്ക് ആവശ്യം വന്നാല്‍ വിളിക്കുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും നല്‍കി.
ഓരോ ട്രെയിന്‍ കടന്നു പോകുമ്പോഴും റയില്‍ സ്‌റ്റേഷനുകളില്‍ സഹായ കേന്ദ്രത്തെക്കുറിച്ചുള്ള അറിയിപ്പും നല്‍കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലും ആയിരുന്നു അറിയിപ്പുകള്‍. ഇതും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്തു.
അങ്കമാലിയില്‍ പരീക്ഷാ കേന്ദ്രമുളള വിദ്യാര്‍ഥികള്‍ക്ക് രാവിലെ പത്തിനു തന്നെ പരീക്ഷയ്‌ക്കെത്താന്‍ കഴിയുംവിധം അങ്കമാലിയിലെ താമസ സൗകര്യങ്ങള്‍ തന്നെയാണ് നല്‍കിയത്. മൂക്കന്നൂര്‍ സ്‌കൂളില്‍ 600 പേര്‍ക്കും ശാരദ സ്‌കൂളില്‍ 720 പേര്‍ക്കുമാണ് പരീക്ഷയുള്ളത്. നഗരകേന്ദ്രങ്ങള്‍ കൂടാതെ ഗ്രാമപ്രദേശത്തുള്ള സ്‌കൂളുകളും പരീക്ഷാ കേന്ദ്രങ്ങളാണ്.
ആലുവ റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍
ആലുവ താലൂക്കിന് കീഴില്‍ ആലുവ റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍, അങ്കമാലി റെയില്‍വേ സ്‌റ്റേഷന്‍ എന്നിങ്ങനെ മൂന്ന്  കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യൂ വകുപ്പിന് കീഴിലായാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം.
രാവിലെ മുതല്‍ 13 ട്രെയിനുകളിലായി 77 പേരാണ് എത്തിയിട്ടുള്ളത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. രാവിലെ എട്ടരയോടെയാണ് ആദ്യ ട്രെയിന്‍ എത്തിയത്. പാലക്കാട്, തമിഴ്‌നാട് ഭാഗത്തു നിന്നും 12 പേരാണ് ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ഇതില്‍ 2 പേര്‍ മലയാളികളാണ്.
വൈഎംസിഎ, ഗവണ്‍മെന്റ് റസ്റ്റ് ഹൗസുകള്‍, യൂത്ത് ഹോസ്റ്റലുകള്‍, യാത്രിഭവനുകള്‍ തുടങ്ങിയവയാണ് താമസ സൗകര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളിലാണ് കൂടുതലായും താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളുടേയും പ്രിന്‍സിപ്പാളിന്റെ ഫോണ്‍ നമ്പറുകള്‍ അടക്കം പൂര്‍ണമായ വിവരങ്ങള്‍ ആലുവ ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കിയിരുന്നു.
സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍
നീറ്റ് പരീക്ഷ എഴുതാനെത്തിയ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെ ഹെല്‍പ്പ് ഡെസ്‌കില്‍ എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയിരുന്നു. രാവിലെ 5.30 ഓടെ മുപ്പതോളം വിദ്യാര്‍ഥികളാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് രാവിലെ 8.30 ന് എത്തിയ യശ്‌വന്ത്പൂര്‍ എക്‌സ്പ്രസിലാണ് ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എത്തിയത്.
തുടര്‍ന്ന് വന്ന ഒന്‍പത് ട്രെയിനുകളിലായി നൂറ്റിയമ്പതില്‍ അധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി എത്തിയത്. എം.ജി റോഡ്, കൊച്ചി, വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലായി മികച്ച താമസ സൗകര്യമാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.