എറണാകുളം:  കോവിഡ് വൈറസ് ബാധ അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണ കൂടം. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ ജില്ലയിൽ വിന്യസിച്ചു. നഗരസഭകളിൽ ഓരോ പത്ത് വാർഡിനും ഒരു സെക്ടറൽ മജിസ്ട്രേറ്റുമാരെ പുതുതായി നിയമിച്ചു. ഗ്രാമപഞ്ചായത്തു തലത്തിലും പരിശോധനകൾക്കായി സെക്ടറൽ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.

ആരോഗ്യ വകുപ്പ് , പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ,ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആളുകൾ കൂടുന്ന പ്രദേശങ്ങൾ, കടകൾ, വിവാഹ ചടങ്ങുകൾ, മരണാന്തര ചടങ്ങുകൾ നടക്കുന്ന ഇടങ്ങൾ, യോഗങ്ങൾ, ഉത്സവങ്ങൾ എന്നിവിടങ്ങളിലാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധനകൾ കടുപ്പിക്കുക. മാസ്ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾ നടത്തുന്നവർക്കെതിര നടപടികൾ സ്വീകരിക്കും.