എറണാകുളം: പൊതുമേഖലയിൽ തുടർച്ചയായി 10 വർഷത്തിലധികം താത്കാലിക അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡിൽ നിർമാണം പൂർത്തിയായ 100 ടി.പി.ഡി കോസ്റ്റിക് കോൺസെൻട്രേഷൻ പ്ലാന്റ്, 60 ടി.പി.ഡി എച്ച്.സി.എൽ സിന്തസിസ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനായി വ്യവസായ വകുപ്പ് സെക്രട്ടറി ചെയർമാനായി അഞ്ച് അംഗ സമിതി രൂപീകരിക്കും. 100 കോടി രൂപവരെ നിക്ഷേപിക്കാൻ തയ്യാറായവർക്ക് ഈ സെല്ലിലൂടെ ഒരാഴ്ചയ്ക്കകം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അനുമതി നൽകും . സംരംഭം ആരംഭിച്ച് ഒരു കൊല്ലത്തിനുളളിൽ അനുബന്ധ രേഖകൾ നൽകിയാൽ മതിയാകും. വ്യവസായ വളർച്ചയിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, ടി.സി.സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാർ, ടി.സി.സി ചെയർമാൻ മുഹമ്മദ് ഹനീഷ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, നഗരസഭാംഗം കൃഷ്ണപ്രസാദ്, വി.ഇ അബ്ദുൾ ഗഫൂർ, ടി.സി.സി ലിമിറ്റഡ് ടെക്നിക്കൽ ജനറൽ മാനേജർ അബ്ദുൾ നാസർ പി.എം. എന്നിവർ പ്രസംഗിച്ചു.