തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഗതാഗത മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായ പേട്ട – ആനയറ – ഒരുവാതില്‍ക്കോട്ട റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി അടുത്തയാഴ്ച ആരംഭിക്കും.  ഭൂമി ഏറ്റെടുക്കലിന്റെ പുതിയ നിയമപ്രകാരമുള്ള പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പേട്ട – ആനയറ – ഒരുവാതില്‍ക്കോട്ട റോഡിന്റെ വീതി കൂട്ടി വികസിപ്പിക്കുന്നതിനു കിഫ്ബിയില്‍നന്ന് 100.68 കോടി രൂപ കൈമാറിയിരുന്നു.  പേട്ട റെയില്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ വെണ്‍പാലവട്ടം വരെ 14 മീറ്റര്‍ വീതിയിലും വെണ്‍പാലവട്ടം മുതല്‍ ദേശീയപാത ബൈപാസ് സര്‍വീസ് റോഡ് വരെ 12 മീറ്റര്‍ വീതിയിലുമാണു റോഡ് വികസിപ്പിക്കുന്നത്.  രണ്ടു സ്ട്രെച്ചുകളിലായി 3.18 കിലോമീറ്ററിലുള്ള ഈ റോഡിന്റെ ഇരുവശങ്ങളിലുമായി നവീന രീതിയിലുള്ള ബസ് ഷെല്‍ട്ടറുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയുണ്ടാകും.
റോഡ് ഏറ്റടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിന്റെ അംഗീകാര നടപടികള്‍ പൂര്‍ത്തിയായതായി കളക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. പുതിയ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമുള്ള ഭൂമിയേറ്റെടുക്കല്‍ പ്രഖ്യാപനം വരുന്നതോടെ വില നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കും. സമയബന്ധിതമായിത്തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ പറഞ്ഞു.  ജില്ലയില്‍ ഗതാഗത പദ്ധതികളുടേതടക്കം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.  ജില്ലയില്‍ പട്ടയവും കൈവശാവകാശ രേഖകളും നല്‍കുന്ന നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനു യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
കുടിവെള്ള വിതരണം, ആരോഗ്യം, ഗതാഗതം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജനപ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തര പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി.  ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ബി. സത്യന്‍, കെ. ആന്‍സലന്‍, ഡി.കെ. മുരളി, ജില്ലയില്‍നിന്നുള്ള മറ്റ് എം.എല്‍.എമാരുടെയും, എം.പിയുടേയും പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.