തിരുവനന്തപുരം: അതത് നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിവരുന്ന പദ്ധതികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും ആഴത്തില്‍ മനസിലാക്കി വേണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികള്‍ ഇടപെടലുകള്‍ നടത്താനെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. കാട്ടാക്കട മണ്ഡലത്തില്‍ നടത്തിവരുന്ന ജനകീയ പദ്ധതികള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കിലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആശയവിനിമയ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടാക്കടയില്‍ ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട് ഉള്‍പ്പടെയുള്ള ജനകീയ പദ്ധതികളുടെ ഉത്തമ മാതൃകകളാണ്. ഇതില്‍ ജലസമൃദ്ധി പദ്ധതി അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരശേഖരണമുള്ള മണ്ഡലമാണ് കാട്ടാക്കട. ഈ വിവരങ്ങള്‍ ജനോപകാരപ്രദമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള മുതല്‍ക്കൂട്ടായി മാറും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇവ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
‘ശില്‍പശാലയില്‍ സുസ്ഥിരവികസന കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്തും ‘നവകേരള നിര്‍മ്മിതിയും ജനപ്രതിനിധികളും’ എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ജോയ് ഇളമണും ക്ലാസെടുത്തു. കാട്ടാക്കടയില്‍ നടപ്പാക്കിവരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി, ഒപ്പം, കൂട്ട് എന്നീ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിവിധ സെഷനുകളിലായി ക്ലാസുകള്‍ നയിച്ചു.
ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമ, ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.